ദുര്യോധനനും യുധിഷ്ടിരനും ശേഷം കര്‍ണനായി മമ്മൂക്ക..! കഥാപാത്രത്തിന്‍റെ പേര് ദേവ എന്നായിരുന്നുവെങ്കിലും മണിരത്‌നത്തിന്‍റെ ക്ലാസിക്കായ ദളപതിയില്‍ മമ്മൂക്കയുടെ കഥാപാത്രം ദുര്യോധനനു സമാനമായിരുന്നു. അന്ന് കര്‍ണന് സമാനമായ വേഷം ചെയ്തത് തലൈവരും, അര്‍ജുനന്‍ ആയതു അരവിന്ദ് സാമിയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടന്‍ സിനിമയിലെ അറക്കല്‍ മാധവനുണ്ണി യുധിഷ്ഠിരനു സമാനമായ വേഷമായിരുന്നു. സിനിമയിലെ ഒരു രംഗത്തില്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന അനിയന്‍ കഥാപാത്രത്തെ ഭീമ സേനന്‍ എന്ന് കാര്യസ്ഥന്‍ വിശേഷിപ്പിക്കുന്നതും കാണാം.
ഇപ്പോളിതാ മഹാഭാരതത്തിലെ സാക്ഷാല്‍ കര്‍ണനായി മമ്മൂക്ക അഭിനയിക്കുന്നു എന്നറിയുന്നു. അതിനെ അനുകൂലിച്ചും പരിഹസിച്ചും ഒരുപാട് പോസ്റ്റുകള്‍ കാണുന്നുമുണ്ട്. മുന്‍വിധിയോടെ അതിനെ സമീപിക്കുന്നതിനോട് യോജിപ്പില്ല. പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരനേക്കാള്‍ 16 വയസ് അധികമുള്ള ആളാണ് കര്‍ണന്‍ എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. മഹാഭാരതം പോലത്തെ ഹിന്ദി സീരിയലുകള്‍ കണ്ടു കര്‍ണന് അര്‍ജുനന്‍റെ തുല്യപ്രായം ആണെന്നുള്ള തെറ്റിദ്ധാരണയായിരിക്കാം പലരും ഈ വിഷയത്തില്‍ പ്രകടിപ്പിക്കുന്ന പരിഹാസങ്ങള്‍ക്കു കാരണം. കുരുക്ഷേത്ര യുദ്ധം നടക്കുമ്പോള്‍ യുധിഷ്ഠിരന്റെ പ്രായം 91 ആണെന്ന് ചില രേഖകളില്‍ കാണാം. അങ്ങനെ വരുമ്പോള്‍ കര്‍ണന് 107 വയസാകും യുദ്ധ സമയത്തെ പ്രായം. അപ്പൊ പിന്നെ പ്രായത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ ഒക്കെ അനാവശ്യമാണ് എന്നെ പറയാന്‍ കഴിയൂ…പിന്നെയൊന്ന് മമ്മൂക്കയുടെ ശാരീരിക ഘടന ഒരു യോദ്ധാവിനു ചേരുമോ എന്നതാണ്. കര്‍ണന്‍ ഒരിക്കലും ഒരു മല്ലയുദ്ധക്കാരന്‍ ആയിരുന്നില്ല. അദ്ദേഹം അമ്പെയ്ത്തില്‍ കേമനായിരുന്നു എന്നാണ് പറയുന്നത്. അപ്പോള്‍ സിക്‌സ്പാക്ക് മസില്‍ ഉണ്ടായാലേ കര്‍ണന്‍ ആകാന്‍ കഴിയൂ എന്ന് പറയുന്നതിലും കാര്യമില്ല.
കര്‍ണന്‍ എന്ന യോദ്ധാവിന്‍റെ കഥ മാത്രമായിരിക്കില്ല വരാന്‍ പോകുന്ന സിനിമ. സ്വന്തം മാതാവിനെ അമ്മയെന്ന് വിളിക്കാന്‍ കഴിയാതെ പോയ ഒരു പുത്രന്‍റെ കഥയുണ്ടാകും അതില്‍, സ്വന്തം സഹോദരങ്ങളെ ശത്രുക്കളായി കണ്ടു യുദ്ധം ചെയ്യേണ്ടി വരുന്ന ഒരു സഹോദരന്‍റെ കഥയുണ്ടാകും. എല്ലാം തികഞ്ഞവന്‍ ആയിട്ടും ഒന്നുമാകാന്‍ കഴിയാതെ പോയ ഒരു മനുഷ്യന്‍റെ കഥയുണ്ടാകും അതില്‍.ഇനിയിപ്പോ ഈ കര്‍ണന്‍ തന്നെയാണോ ആ കര്‍ണന്‍ എന്നും പറയാന്‍ കഴിയില്ല…പഴശ്ശി കറുത്ത്, ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു പക്ഷേ, ഇന്ന് പഴശിരാജ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെ മനസ്സിലും ആദ്യം വരുന്നത് മമ്മൂക്കയുടെ മുഖമായിരിക്കും. ചന്തു ചതിയനായ, നീചനായ വ്യക്തിയായിരുന്നു പക്ഷെ ഇന്ന് ചന്തു എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരിലേക്കും ആദ്യം ഓടിയെത്തുന്ന മുഖം മമ്മൂക്കയുടെതാകും. അതുകൊണ്ട് തന്നെ നമ്മുക്ക് കാത്തിരിക്കാം. മധുപാലിന്‍റെ സംവിധാനത്തില്‍ ശ്രീകുമാറിന്‍റെ രചനയില്‍ മമ്മൂക്ക നായകനാകുന്ന കര്‍ണന് വേണ്ടി. നാളെ ഒരിക്കല്‍ കര്‍ണന്‍ എന്ന് കേള്‍ക്കുമ്പോളും ഇത്രയുംകാലം മനസ്സിലുണ്ടായിരുന്ന രൂപങ്ങള്‍ക്ക് മമ്മൂക്കയുടെ ഛായ വന്നുകൂടായ്കയില്ലല്ലോ.