രസകരമായ തമാശ; പ്രണയത്തിന്‍റെ കളിചിരികള്‍
ജെന വി.എസ്
പ്രണയത്തിന്‍റെ വിവിധ തലങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ചു കൊണ്ടാണ് ഇംതിയാസ് അലിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നത്. ഇംതിയാസിന്റെ നായകന്‍മാരെല്ലാം പ്രണയസാഫല്യത്തിനായി ഇറങ്ങിത്തിരിച്ച് എന്തിനും മുതിരുന്നവരാണ്. ജബ് വി മെറ്റിലെ ആദിത്യ കശ്യപ് ആയാലും, റോക്സ്റ്റാറിലെ ജോര്‍ദാന്‍ ആയാലും, ലൗ ആജ് കല്ലിലെ ഗൗതം ആയാലും ഇംതിയാസിന്റെ നായകരെല്ലാം ഒരിക്കല്‍ പിരിഞ്ഞുപോയ പ്രണയത്തെ അല്ലെങ്കില്‍ പറയാന്‍ മറന്ന പ്രണയത്തെ തിരികെപ്പിടിക്കാനായി യാത്ര ചെയ്യുന്നവരാണ്. പ്രമേയ സ്വഭാവത്തിലെ ഈ ആവര്‍ത്തനത്തിന് ഇടയ്ക്കും അവതരണത്തിലെ പുതുമയും കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളിലെ സൂക്ഷ്മതയും എല്ലാമാണ് ഈ ചിത്രങ്ങളെയെല്ലാം ഹിറ്റ്‌ലിസ്റ്റില്‍ എത്തിച്ചത്. വ്യത്യസ്ത കാഴ്ചപ്പാടില്‍ അവതരിപ്പിക്കാനുള്ള മികവും അവതരണത്തില്‍ പുലര്‍ത്തുന്ന അച്ചടക്കവും കൈവഴക്കവുമെല്ലാമാണ് ഓരോ ഇംതിയാസ് ചിത്രത്തെയും പോലെ തമാശയെയും ആകര്‍ഷകമാക്കുന്നത്. വൈകാരിക പ്രണയരംഗങ്ങളിലൂടെയും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയും മനോഹര ദൃശ്യവിരുന്നിലൂടെയും തമാശ പ്രേക്ഷകന്റെ ഇഷ്ടം നേടുന്നു.
ലൈലാ – മജ്‌നു, രാമന്‍ – സീത, റോമിയോ- ജൂലിയറ്റ്, ഹീര്‍ – രാഞ്ചാ, സോഹ്നി – മഹിവാല്‍ തുടങ്ങിയ അനശ്വര പ്രണയകഥകളിലെ നായികാനായകന്‍മാരെ മനസില്‍ കൊണ്ടു നടക്കുന്ന ഒരു കൊച്ചുകുട്ടിയിലൂടെയാണ് തമാശയുടെ തുടക്കം. അവന്‍ വളരുമ്പോള്‍ ഫ്രാന്‍സില്‍ വച്ച് അവിചാരിതമായി അവന്റെ നായികയെ കണ്ടുമുട്ടുന്നു. വലിയൊരു തമാശയായി തങ്ങളുടെ കൂടിക്കാഴ്ചയെ മാറ്റാനാണ് ഇരുവരും ശ്രമിക്കുന്നത്. ഒരിക്കലും യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഭാവിയില്‍ ഇനിയൊരിക്കലും കാണില്ലെന്ന വാക്കിന്‍മേല്‍ അവന്‍ അവള്‍ക്ക് മുന്നില്‍ ഡോണ്‍ എന്ന പേരിലും അവള്‍ മോനാ ഡാര്‍ലിംഗുമായും അവിടെ കറങ്ങിനടക്കുന്നു.
ഏഴ് സുന്ദര ദിവസങ്ങള്‍ക്കു ശേഷം പിരിയുന്ന മോനാ ഡാര്‍ലിംഗ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഡോണിനെ കാണുന്നു. അത്രയും വര്‍ഷങ്ങള്‍ക്കിടെയില്‍ അവനുമായുള്ള ഏഴു ദിവസങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അവനെ അറിയിക്കുന്നു. ഇന്നവന്‍ വേദ് ആണ്. അവള്‍ താരാ മഹേശ്വരിയും. അവിടെ നിന്നാണ് തമാശ കാര്യത്തിലേക്ക് കടക്കുന്നത്.
സംവിധായകന്‍ കഥ പറയുന്നത് ഒരു സ്ഥലത്തെ മറ്റൊരു സ്ഥലവുമായി കോര്‍ത്തിണക്കിക്കൊണ്ടാണ്. മെഡിറ്ററേനിയന്‍ ദ്വീപില്‍ നിന്ന് ഡെല്‍ഹിയിലെ ദാബയിലേക്കും, സിംലയില്‍ നിന്ന് കോര്‍സിക്ക, കൊല്‍ക്കത്ത, ഡെല്‍ഹി, ടോക്കിയോ എന്നിവിടങ്ങളിലേക്കും സിനിമ സഞ്ചരിക്കുന്നു. രവി വര്‍മന്റെ ക്യാമറയില്‍ തമാശയിലെ ഓരോ രംഗവും കഥാപാത്രങ്ങളും സുന്ദരമാകുന്നു. രണ്‍ബീര്‍ കപൂര്‍, ദീപികാ പദുക്കോണ്‍ ജോഡി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അസാധ്യ കെമിസ്ട്രിയാണ് ഇരുവര്‍ക്കുമിടയില്‍ പ്രകടമാകുന്നത്. എ.ആര്‍ റഹ്മാന്റെ ഈണങ്ങളും ചിത്രത്തോട് നീതി പുലര്‍ത്തി. ടിക്കറ്റെടുത്താല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ തമാശ എന്നു തീര്‍ച്ച.
റേറ്റിംഗ് 3.75/5