കര്‍ണനെ കുറിച്ച് പറയാറായിട്ടില്ല; നടക്കട്ടെയെന്ന് പ്രതീക്ഷിക്കാം: മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന കര്‍ണനെ കുറിച്ച് മെഗാസ്റ്റാര്‍ ഒടുവില്‍ പ്രതികരിച്ചു. ഷാര്‍ജ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അവ്യക്തതകള്‍ നീക്കാനായി ഒരു ആരാധകന്‍ കര്‍ണനെ കുറിച്ച് ചോദിച്ചത്. ‘ ഇപ്പോള്‍ അതിനെപ്പറ്റി എനിക്ക് പറയാറായിട്ടില്ല. അതുമായി ബന്ധപ്പെട്ട ആളുകളാണ് തീരുമാനമെടുക്കേണ്ടത്. ഞാന്‍ നിങ്ങള്‍ക്ക് ഒരു പ്രതീക്ഷ തന്നാല്‍ അത് എന്റെ ഉത്തരവാദിത്തമാകും. എന്തായാലും ആ സിനിമ നടക്കട്ടെ എന്ന് ആഗ്രഹിക്കാം’ ഇങ്ങിനെ മാത്രമാണ് കര്‍ണനെ കുറിച്ച് മമ്മൂട്ടി വ്യക്തമാക്കുന്നത്. ആ പ്രൊജക്റ്റിന്റെ പുരോഗതി ഇനിയും ഉറപ്പിക്കാനായിട്ടില്ലെന്നാണ് താരത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അതിനിടെ 70 കോടി ബജറ്റിലാണ് കര്‍ണന്‍ ഒരുങ്ങുന്നതെന്നും അടുത്തവര്‍ഷം തന്നെ ചിത്രം ഷൂട്ടിംഗ് നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
പൃഥ്വിരാജിനെ നായകനാക്കി ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണനും പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിമല്‍ 300 കോടി ബജറ്റില്‍ ചിത്രം ഒരുക്കാന്‍ പുറപ്പെട്ടതോടെ നിര്‍മാതാവ് ഇടഞ്ഞെന്നാണ് വാര്‍ത്ത. പരമാവധി 30 കോടിക്കു മുകളില്‍ ചെലവാക്കാന്‍ നിര്‍മാതാവ് തയാറല്ലത്രേ. ഇതോടെ പണം കണ്ടെത്താന്‍ പുതിയ നിര്‍മാതാക്കളെ തേടുകയാണ് വിമല്‍.