ഗ്രേറ്റ് ഫാദറിലെ മമ്മുക്കയുടെ ആക്ഷന്‍ അതിശയിപ്പിച്ചെന്ന് ആര്യ
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷവെക്കുന്ന ചിത്രമാണ് അടുത്തവര്‍ഷം ജനുവരിയില്‍ തിയറ്ററില്‍ എത്തുന്ന ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്ററുകള്‍ ഇതിനകം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കട്ടിത്താടിയില്‍ കിടിലന്‍ ലുക്കിലാണ് താരം എത്തുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ നിര്‍മാണ പങ്കാളിയായ ആര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഡെയര്‍ഡെവിള്‍ ആക്ഷന്‍ രംഗങ്ങളിലെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ വ്യക്തമാക്കുന്നു. 65 വയസുള്ള മമ്മുക്കയുടെ ഫിറ്റ്‌നസ് തന്നെ പ്രചോദിപ്പിക്കുന്നതാണ്. പ്രയോസമുള്ള സ്റ്റണ്ട് രംഗങ്ങളിലും ഡ്യൂപ്പിനെ വേണ്ടെന്ന് മമ്മുക്ക നിര്‍ദേശിക്കുകയായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോടുള്ള തന്റെ ആദരവിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു ആര്യ. ഇതിനു പുറമേ ആരോഗ്യത്തില്‍ മമ്മൂട്ടി പുലര്‍ത്തുന്ന ശ്രദ്ധയും അനുകരണീയമാണ്. ഷൂട്ടിംഗിന് പോകും മുമ്പ് രണ്ടുമണിക്കൂറോളം വ്യായാമം ചെയ്യും. ചിത്രത്തിലെ റോപ് ആക്ഷന്‍ പലപ്പോഴും തന്നെ അലോസരപ്പെടുത്തിയപ്പോഴും മമ്മുക്കയ്ക്ക് അത് ക്ഷമയോടെ പൂര്‍ത്തിയാക്കാനായെന്നും ആര്യ പറഞ്ഞു.
തന്റെ ചുറ്റുപാടുമുള്ള ഏതുവിഷയത്തെകുറിച്ചും എന്തെങ്കിലും സംസാരിക്കാന്‍ മമ്മുക്കയ്ക്ക് സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് ആര്യ ചിത്രത്തിലെത്തുന്നത്. സ്‌നേഹയാണ് നായിക.
ഏറെക്കാലമായി മമ്മൂട്ടി മികച്ച ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നില്ലെന്ന് ചിലര്‍ ആക്ഷേപമുന്നിയിച്ചിരുന്നു. എന്നാല്‍ കസബയിലെ ഒരു സ്റ്റണ്ട് രംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിമര്‍ശകര്‍ക്ക് ഗ്രേറ്റ് ഫാദറിലൂടെ മനോഹരമായ മറുപടി മമ്മുക്ക നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.