മോഹന്‍ലാലിന്റെ ലെഫ്.കേണല്‍ പദവി; വിശദീകരണവുമായി മേജര്‍ രവി
മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ മേജര്‍ രവി. വാണിജ്യാവശ്യങ്ങള്‍ക്കായി കേണല്‍പദവിയും യൂണിഫോമും ഉപയോഗിച്ചു എന്നതിനാല്‍ മോഹന്‍ലാലിന്റെ കേണല്‍ പദവി നീക്കം ചെയ്യണമെന്ന് മുതിര്‍ന്ന സൈനിക ഉദ്യാഗസ്ഥര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാലിത് പഴയ ചില കാര്യങ്ങള്‍ കുത്തിപ്പൊക്കി അസൂയ മൂത്ത ചിലര്‍ പ്രചരിപ്പിക്കുന്നതാണെന്നും ഇപ്പോള്‍ അങ്ങനെയുള്ള പ്രശ്‌നമില്ലെന്നുമാണ് മേജര്‍ രവി മനോരമാ ഓണ്‍ലൈനിനോട് പ്രതികരിച്ചത്.
നേരത്തേ താന്‍ സംവിധാനം ചെയ്ത കാണ്ഡഹാര്‍ സിനിമയുടെ പോസ്റ്ററില്‍ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പരസ്യവും നല്‍കിയിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിലെ മേജര്‍ മഹാദേവന്റെ വേഷത്തിലാണ് ആ പരസ്യത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് തിരിച്ചറിയാതെ ബ്രിഗേഡിയര്‍ ജോഷി എന്നയാള്‍ പരാതി നല്‍കി. വെള്ളക്കടലാസില്‍ വെറുതെ എഴുതി നല്‍കിയ ആ പരാതി എടുത്ത് ചവറ്റുകുട്ടയിലിടുകയാണ് പ്രധാനമന്ത്രി ചെയ്തത്. അന്ന് അദ്ദേഹത്തോട് സംസാരിച്ച് അവസാനിപ്പിച്ച കേസാണ് അസൂയ മൂത്ത ചിലര്‍ ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്. മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വന്‍ വിജയം നേടുമ്പോള്‍ സ്ഥിരമായി കേണല്‍ പദവിയും ആനക്കൊമ്പുമായി ഇവര്‍ വരുമെന്നും മേജര്‍ രവി പറയുന്നു.
മോഹന്‍ലാലിന് കരാട്ടെയില്‍ ബ്ലാക്ക്‌ബെല്‍റ്റും ഡോക്റ്ററേറ്റുമുണ്ട്. ഇതെല്ലാം കാണുമ്പോള്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ പോലെയാണ് ചിലര്‍ പെരുമാറുന്നത്. 2011നുശേഷം അദ്ദേഹം മൂന്നുപ്രാവശ്യം അതിര്‍തത്തിയില്‍ പട്ടാളക്കാരെ സന്ദര്‍ശിച്ചതിന്റെ പേരില്‍ നോര്‍ത്തേണ്‍ കമാന്‍ഡര്‍ അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം ചീഫ് ഓഫ് ആര്‍മി കമാന്‍ഡറിന്റെ കമന്റേഷന്‍ ഗാര്‍ഡ് കൊടുത്തുവെനനും ജനുവരിയില്‍ അദ്ദേഹം കശ്മീരില്‍ ട്രൂപ്പിനെ സന്ദര്‍ശിക്കുന്നുണ്ടെന്നും മേജര്‍ രവി അറിയിച്ചു.