സില്‍ക്കിനെ കുറിച്ച് ഷക്കീലയ്ക്ക് പറയാനുള്ളത്
സണ്ണി ലിയോണ്‍ എന്ന മുന്‍ പോണ്‍ താരത്തിന് അടുത്തിടെയാണ് നമ്മുടെ തലസ്ഥാന നഗരി വന്‍ വരവേല്‍പ്പ് നല്‍കിയത്. ഒളിയിലും മറയിലും ഇരുട്ടിലുമെല്ലാം മാത്രം അറിയാമെന്നു പോലും ഇന്ത്യന്‍ പുരുഷര്‍ ഭാവിച്ചിരുന്ന സണ്ണിയെ ബോളിവുഡിന്റെ മായികപ്രഭയുള്ള കച്ചവട ലോകമാണ് കറ കളഞ്ഞെടുത്തത്. എന്നാല്‍ മുഖ്യധാര കച്ചവട സിനിമയുടെ ഭാഗമായിരിക്കെ തന്നെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പലവട്ടം തെളിയിച്ചിട്ടും വെറും ശരീരമായി ഒടുങ്ങിയ നടിയാണ് സില്‍ക്ക് സ്മിത. സിനിമയിലെ ശരീര പ്രദര്‍ശനം സ്വാഭാവികമാണന്ന് നായിക നടിമാര്‍ പോലും പറയുന്ന കാലത്തും നമ്മുടെ കപട സദാചാര ബോധം അറപ്പോടെ മാറ്റി നിര്‍ത്തിയവരാണ് ഷക്കീലയും സ്മിതയുമെല്ലാം. സില്‍ക്ക് സ്മിത എന്ന ശരീര പ്രദര്‍ശകയ്ക്കു വേണ്ടി എങ്ങനെയാണ് ഇന്ത്യന്‍ സിനിമ പ്രതിഭയുള്ള ഒരു അഭിനേത്രിയെ ഇല്ലാതാക്കിയതെന്ന് ഷക്കീല തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
രാജന്‍ സ്‌കറിയ രൗദ്ര ഭാവക്കാരനല്ല; വരുന്നത് മമ്മൂട്ടിയുടെ വ്യത്യസ്ത പൊലീസ്
അത് ഇങ്ങനെയാണ്. ”ഞാനീ ജീവിതത്തില്‍ ഏറ്റവും ആരാധിച്ച ഒരു നടിയായിരുന്നു സില്‍ക്ക് സ്മിത.അവരുടെ അതിമനോഹരമായ കണ്ണുകളിലെ വശ്യതയും കടഞ്ഞെടുത്ത ശരീരഭംഗിയും മറ്റൊരു നായികമാരിലും ഞാന്‍ ദര്‍ശിച്ചിട്ടില്ല. സ്മിത ഒന്നുനോക്കിയാല്‍ മതി മെഴുകുതിരി ഉരുകുന്നതുപോലെ മുന്നിലുള്ളയാള്‍ ഉരുകിപ്പോകും. ശരീരപ്രദര്‍ശനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടികള്‍ക്ക് അഭിനയശേഷി കുറവായിരിക്കും. എന്നാല്‍ ഒരിക്കല്‍പ്പോലും സ്മിതയെക്കുറിച്ച് അങ്ങനെ പറയാനാകില്ല. ഇന്ത്യന്‍ സ്‌ക്രീനിലെ മികച്ച നടിയായി വളരേണ്ട അവരെ വെറും ശരീരപ്രദര്‍ശന വസ്തുവായി മാത്രം കണ്ടതുകൊണ്ടാണ് നമുക്ക് ആ നടിയുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സിനിമകള്‍ നഷ്ടമായത്. എന്റെ മനസ്സില്‍ അവര്‍ക്കുള്ള സ്ഥാനം ഇന്നും വളരെ വലുതാണ്. ഒരിക്കലും നശിക്കാത്ത ഒരു വസന്തകാലമാണ് സില്‍ക്ക് സ്മിത.”