തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംവിധായകന്‍, ചലച്ചിത്ര നിരൂപകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ജോണ്‍പോള്‍ അന്തരിച്ചു (Johnpaul passed away). മലയാള സിനിമാ ലോകത്തെ സമാന്തര-വിനോദ ശാഖകളെ കൂട്ടിയിണക്കുന്ന കണ്ണികളിലൊരാളായ ജോണ്‍പോള്‍ ഏതാനും ചിത്രങ്ങളില്‍ അഭിനേതാവായും എത്തിയിട്ടുണ്ട്. നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേ ആണ് 71-ാം വയസില്‍ അന്ത്യം സംഭവിച്ചത്.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങി മലയാള സിനിമാ ലോകത്തിലെ ശ്രദ്ധേയമായ നിരവധി രചനകള്‍ ജോണ്‍പോളിന്‍റെ തൂലികയില്‍ പിറന്നതാണ്. സിനിമാ ചരിത്രത്തിന്‍റെ വിവരണങ്ങളിലൂടെയും രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പുതുതലമുറ പ്രേക്ഷകര്‍ക്കിടയിലും സുപരിചിതരമായ മുഖമായിരുന്നു ജോണ്‍പോളിന്‍റേത്.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.