ആദ്യ ചിത്രം കൊണ്ട് തന്നെ ശ്രദ്ധേയയായ നായികാ താരമാണ് രജിഷ വിജയന്. അനുരാഗ കരിക്കിന് വെള്ളത്തിലൂടെ സംസ്ഥാന പുരസ്കാരവും നേടിയ രജിഷയെ കഴിഞ്ഞ കുറച്ചുകാലമായി സിനിമയില്‍ കാണാനില്ലായിരുന്നു. ഒരു സിനിമാക്കാരനാണ് രജിഷ നായികയായ അവസാന ചിത്രം. ഒന്നരക്കൊല്ലത്തിന് ശേഷം രജിഷ മുഖ്യ വേഷത്തില്‍ എത്തുന്ന ഒരു ചിത്രമെത്തുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ‘ ജൂണി’ന്റെ ഇന്നലെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ രജിഷയുടെ ഒരു സര്‍പ്രൈസ് ഗെറ്റപ്പോടു കൂടിയതായിരുന്നു. സ്കൂള്‍ യൂണിഫോമില്‍ ഒരു കൗമാരക്കാരിയായി രജിഷ നടത്തിയ രൂപമാറ്റം ഏറെ ശ്രദ്ധേയമാണ്. ഇപ്പോള്‍ രജിഷയുടെ മേക്ക് ഓവര്‍ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആറു ഗെറ്റപ്പിലാണ് രജീഷ വിജയനെത്തുന്നത്. ഒരു കഥാപാത്രത്തിന്റെ 17 മുതല്‍ 25 വരെയുള്ള പ്രായമാണ് അവതരിപ്പിക്കുന്നത്. സ്ത്രീകേന്ദ്രീകൃതമായ ചിത്രത്തിനായി രജിഷ ഏറെ പ്രയത്നം ചെയ്തിട്ടുണ്ടെന്ന് നിര്‍മാതാവ് വിജയ് ബാബു പറയുന്നു. ജോജു ജോര്‍ജും അശ്വതി( സത്യം ശിവം സുന്ദരം ഫെയിം)യുമാണ് രജിഷയുടെ കഥാപാത്രമായ ജൂണിന്റെ മാതാപിതാക്കളായി എത്തുന്നത്. അര്ജുന് അശോക്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും നിരവധി പുതിയ പ്രതിഭകളുണ്ട്. ഏറെ സര്‍പ്രൈസുകളുള്ള ചിത്രമാണ് ജൂണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. കട്ട ക്യൂട്ട് ചിത്രം എന്ന വിശേഷണവുമായാണ് ജൂണ്‍ എത്തുന്നത്.
Tags:Ahammed Kabeerjunerajisha vijayan