മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ തമിഴ് സൂപ്പര്‍ താരം വിജയ് മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്. ദളപതി 67 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തെ കുറിച്ച് ആവേശകരമായൊരു സൂചനയാണ് പുറത്തുവരുന്നത്. പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്‍റെ ജന്‍മദിനത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. വിക്രം എന്ന ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പ് ദളപതി 67 ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞു. കെജിഎഫ് സീരീസിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം സലാറിലും ഒരു പ്രധാന വേഷത്തില്‍ പൃഥ്വി എത്തുന്നുണ്ട്. കെജിഎഫ് നിര്‍മാതാക്കളായി ഹോമബിളിന്‍ മറ്റൊരു വന്‍ ചിത്രം ടൈസണ്‍ സംവിധാനം ചെയ്യുന്നതും മുഖ്യ വേഷത്തിലെത്തുന്നതും പൃഥ്വിരാജാണ്.