തിയറ്ററുകളില്‍ നിറഞ്ഞോടുന്ന തമിഴ് ചിത്രം 96 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രേംകുമാറിന്റെ സംവിധാനത്തില്‍ വിജയ് സേതുപതിയും ത്രിഷയും മുഖ്യ വേഷങ്ങളിലെത്തിയ 96 പരസ്പരം ഒന്നിക്കാനാകാതെ സാഹചര്യങ്ങള്‍ അകറ്റിയ കൗമാര കാല പ്രണയത്തിലേക്കുള്ള രണ്ടു പേരുടെ തിരിച്ചുപോക്കാണ് പ്രമേയമാക്കിയത്. തെലുങ്കിലേക്ക് 96 എത്തുമ്പോള്‍ നാനിയും സാമന്തയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
തെലുങ്ക് നിര്‍മാതാവ് ദില്‍ രാജുവാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിട്ടുള്ളത്. 96 റിലീസിനു മുമ്പ് തന്നെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു. നാനിക്കും സാമന്തയ്ക്കുമായി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ദില്‍രാജു സംഘടിപ്പിച്ചിരുന്നു. ചിത്രം കണ്ട രണ്ടു പേരും ഏറെ സന്തുഷ്ടരാകുകയും അപ്പോള്‍ തന്നെ സമ്മതം മൂളുകയും ചെയ്തു. നാനിയും സാമന്തയും ഒന്നിച്ച രാജമൗലി ചിത്രം ഈഗ(ഈച്ച) നേരത്തേ വന്‍ ഹിറ്റായിരുന്നു.