ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2ന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുകയാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കമലഹാസന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ നായികയായി കാജള്‍ അഗര്‍വാള്‍ എത്തുന്നു. ചിത്രത്തിലെ മറ്റൊരു മുഖ്യ വേഷത്തിനായി മമ്മൂട്ടിയെ സമീപിച്ചിരുന്നു എന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ദുല്‍ഖറാണ് ചിത്രത്തിലുണ്ടാവുക എന്നായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ശക്തമായ സൂചനകള്‍ പ്രകാരം മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാണെന്ന പ്രഖ്യാപനം ഉടനുണ്ടായേക്കും.
2.0 യില്‍ ബോളിവുഡ് താരം അക്ഷയ് കുമാറിനെ രജനീകാന്തിന് തുല്യമായ വേഷത്തില്‍ തമിഴിലെത്തിച്ച ശങ്കര്‍ സമാനമായ ഒരു പദ്ധതിയാണ് ഇന്ത്യന്‍ 2നും മാറ്റിവെച്ചിരിക്കുന്നതെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നായക വേഷത്തിലല്ലെങ്കിലോ മുഖ്യമായ അതിഥി വേഷമല്ലെങ്കിലോ മറ്റു ഭാഷകളിലേക്ക് എത്താന്‍ കുറച്ചുകാലമായി താല്‍പ്പര്യം പ്രകടിപ്പിക്കാത്ത താരമാണ് മമ്മൂട്ടി. ഇത്തരത്തില്‍ ചില പ്രൊജക്റ്റുകള്‍ നിരസിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകന്‍ ശങ്കര്‍ മെഗാസ്റ്റാറിനായി കാത്തുവെച്ചിരിക്കുന്നത് എന്ത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
കമലഹാസന്റെ അഭിനയജീവിതത്തിലെ ഏറെ ശ്രദ്ധേയമായ വിജയമായ ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ നെടുമുടി വേണുവും ശ്രദ്ധേയമായ വേഷത്തിലുണ്ട്. 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കും ഇന്ത്യന്‍ 2ല്‍ നെടുമുടി ചെയ്യുക. അടുത്ത വര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധിന്റേതാണ് സംഗീതം. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ കമല്‍ പ്രധാന വേഷത്തിലെത്തുന്ന അവസാന ചിത്രമായിരിക്കും ഇന്ത്യന്‍ 2. അഭിനയം മാറ്റിവെച്ച് രാഷ്ട്രീയത്തില്‍ ശ്രദ്ധ വെക്കാനാണ് കമല്‍ ഒരുങ്ങുന്നത്.
Tags:Indian 2kamal hasanmammoottyshankar