റെഡിയാര്‍പട്ടി, ഉസിലംപട്ടി, ആണ്ടിപട്ടി എന്നീ തമിഴ്‌നാട് ഗ്രാമങ്ങളില്‍ ഇന്നും രഹസ്യമായി തുടരുന്നുവെന്ന് കരുതുന്ന ദുരാചാരം ‘തലൈക്കൂത്തല്‍’ സിനിമയ്ക്ക് പ്രമേയമാകുന്നു. ഏറെ പ്രായമായവരെയും കിടപ്പുരോഗികളെയും ബന്ധുക്കള്‍ തന്നെ ചേര്‍ന്ന് ചില ചടങ്ങുകളോടെ മരണത്തിലേക്ക് തള്ളിവിടുന്നതാണ് തലൈക്കൂത്തല്‍.
കൊല്ലാന്‍ തീരുമാനിച്ച ആളുടെ തലയില്‍ അതിരാവിലെ മുതല്‍ മണിക്കൂറുകള്‍ എണ്ണ ഒഴിക്കും. അതിനുശേഷം കുറെ മണിക്കൂറുകള്‍ തണുത്ത വെള്ളവും. അതിനിടയില്‍ ഔഷധക്കൂട്ട് ചേര്‍ന്ന ഇളനീരും. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ത്തന്നെ തലൈക്കൂത്തല്‍ ഇര പനിയോ ന്യൂമോണിയയോ ബാധിച്ച് ആര്‍ക്കും സംശയത്തിനിടകൊടുക്കാതെ മരിക്കും. ഈ അനാചാരങ്ങളെ കുറിച്ച് കഥാകൃത്ത് സേതു എഴുതിയ ജല സമാധി, അടയാളങ്ങള്‍ എന്നീ നോവലുകളെ കൂട്ടിച്ചേര്‍ത്താണ് സിനിമയൊരുക്കുന്നത്. വേണു നായരാണ് സംവിധാനം. ജലസമാധി എന്ന പേരിലാണ് ചിത്രം എത്തുന്നത്.
20 വര്‍ഷങ്ങള്‍ക്കുമുമ്ബ് 17 കഥകള്‍ ദൂരദര്‍ശനുവേണ്ടി വേണുനായര്‍ സംവിധാനം ചെയ്തിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് സിനിമയ്്ക്കുപിന്നിലെന്ന് ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് സേതു കുറിച്ചു. പ്രശസ്ത സ്വഭാവനടനായ എം എസ് ഭാസ്‌കര്‍ ആണ് മുഖ്യ കഥാപാത്രമാകുന്നത്. വിഷ്ണുപ്രകാശ്, പുതുമുഖങ്ങളായ ലിഖ രാജന്‍, രഞ്ജിത് ശേഖര്‍, ശ്യാം കൃഷ്ണന്‍, അഖില്‍ കൈമള്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
Tags:sethuThalikoothalVenu Nair