കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസായാണ് ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 2.0 ഇന്നലെ തിയറ്ററുകളിലെത്തിയത്. രജനീകാന്ത്, അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് 458 സ്‌ക്രീനുകളാണ് ആദ്യ ദിനത്തില്‍ ലഭിച്ചത്. മുളകുപാടം ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ 2ഡി, 3ഡി ഫോര്‍മാറ്റുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. 3ഡി ഫോര്‍മാറ്റില്‍ ചിത്രം കാണുന്നതിന് വന്‍ തിരക്കാണ് ഉള്ളത്. 2ഡിയിലും മികച്ച ഒക്കുപ്പന്‍സി സിംഗിള്‍ സ്‌ക്രീനുകളില്‍ ചിത്രം നേടി.
ഷോകളുടെ എണ്ണത്തിലും ആദ്യ ദിനകളക്ഷനിലും സര്‍ക്കാരിനെ 2.0 മറികടന്നുവെന്ന സൂചനയാണ് വിവിധ സെന്ററുകളില്‍ നിന്ന് ലഭിക്കുന്നത്. 1860ന് മുകളില്‍ ഷോകള്‍ ചിത്രത്തിന് ആദ്യ ദിനത്തില്‍ കേരളത്തില്‍ ലഭിച്ചു. 1763 ഷോകളാണ് സര്‍ക്കാരിന് ലഭിച്ചിരുന്നത്. തിരുവനന്തപുരം ഏരീസ് പ്ലക്‌സില്‍ സര്‍ക്കാരിനെ മറികടന്ന് ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനായ 16 ലക്ഷം 2.0 സ്വന്തമാക്കി. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ കബാലിക്കും കായംകുളം കൊച്ചുണ്ണിക്കും പിന്നില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കളക്ഷനായ 18.02 ലക്ഷമാണ് ചിത്രം നേടിയത്.
ചെന്നൈ സിറ്റിയിലെ ഓപ്പണിംഗ് റെക്കോഡും 2.0 സ്വന്തമാക്കിയിട്ടുണ്ട്. 2.64 കോടിയാണ് ശങ്കര്‍ ഒരുക്കിയ ദൃശ്യ വിസ്മയം സ്വന്തമാക്കിയത്. സര്‍ക്കാര്‍ നേടിയ 2.37 കോടിയാണ് രണ്ടാം സ്ഥാനത്ത്.