സൂപ്പര്‍ ഹിറ്റ് ചിത്രം ‘പിതാമഹന്’ ശേഷം സൂപ്പര്‍ താരം സൂര്യയും (Suriya) സംവിധായകന്‍ ബാലയും (Bala) ഒന്നിക്കാനിരുന്ന ‘വണങ്കാന്‍’ എന്ന ചിത്രത്തില്‍ നിന്ന് സൂര്യ പിന്‍മാറി. കഥയില്‍ വരുത്തിയ മാറ്റങ്ങളെ തുടര്‍ന്ന് പരസ്പരം ആലോചിച്ച ശേഷമാണ് സൂര്യയുടെ പിന്‍മാറ്റം തീരുമാനിച്ചത് എന്നും സൂര്യയുമായി മറ്റൊരു ചിത്രത്തിന് ഒന്നിക്കുമെന്നും സംവിധായകന്‍ ബാല ഔദ്യോഗികമായി അറിയിച്ചു. കഥയിലും തന്നിലും സൂര്യ വിശ്വാസമര്‍പ്പിച്ചെങ്കിലും പുതുക്കിയ തിരക്കഥ സൂര്യയ്ക്ക് ചേരുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായെന്നും സഹോദര തുല്യനായ സൂര്യയ്ക്ക് ഒരു ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് ഈ തീരുമാനത്തില്‍ എത്തിയതെന്നും ബാല വ്യക്തമാക്കി.
ഷൂട്ടിംഗ് ആരംഭിച്ച ശേഷമാണ് സൂര്യ ഈ ചിത്രം ഉപേക്ഷിക്കുന്നത്. മറ്റൊരു താരത്തെ കണ്ടെത്തി വണങ്കാന്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അല്ലെങ്കില്‍ മറ്റൊരു തിരക്കഥയില്‍ സൂര്യയുമായുള്ള ചിത്രം തന്നെ യാഥാർത്ഥ്യമാക്കുമെന്നും ബാല പ്രസ്‍താവനയില്‍ പറയുന്നു. വണങ്കാനില്‍ കൃതി ഷെട്ടിയെയാണ് (Kruthi SHetty) നായികയായി നിശ്ചയിച്ചിരുന്നത്. ജി.വി പ്രകാശും മലയാളി താരം മമിത ബൈജുവും (Mamitha Baiju) പ്രധാന വേഷങ്ങളിലെത്തുന്നതായും പ്രഖ്യാപിക്കപ്പെട്ടിരുന്നു.