മൂന്നു പതിറ്റാണ്ടോളം മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാനായില്ലെങ്കില്‍ പിന്നീട് അത് പശ്ചാത്താപത്തിന് ഇടയാക്കുമെന്ന് വിനയന്‍. സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എടുത്ത നിലപാടുകളുടെ പേരില്‍ വലിയ എതിര്‍പ്പുകള്‍ താന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായി മോഹന്‍ലാലിനോട് യാതൊരു പ്രശ്‌നവും ഇല്ലെന്നും അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.
മൂന്ന് പ്രമേയങ്ങളാണ് മോഹന്‍ലാലിനായി പരിഗണനയിലുള്ളത്. അദ്ദേഹവുമായി രണ്ട് മൂന്ന് ചര്‍ച്ചകള്‍ കൂടി കഴിയുമ്പോള്‍ അതില്‍ ഏതാണ് സിനിമയാക്കേണ്ടതെന്ന് ഉറപ്പിക്കും. എന്തായാലും വലിയ കാന്‍വാസില്‍ സാങ്കേതിക തികവുള്ള ഒരു ചിത്രമായിരിക്കും അത്. തനിക്കെതിരായ അപ്രഖ്യാപിത വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ അത്തരത്തില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ തനിക്കിപ്പോള്‍ കഴിയുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ വളരെ ലാളിത്യത്തോടെ പെരുമാറുന്ന ആളാണ്. അദ്ദേഹം താര സംഘടനയുടെ തലപ്പത്ത് എത്തിയത് ഗുണപരമാണെന്ന് കരുതുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞപ്പോഴും നടന്‍മാര്‍ എന്ന നിലയില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ബഹുമാനമായിരുന്നുവെന്നും വിനയന്‍ പറയുന്നു.