‘കോബ്ര’ 20 മിനുറ്റ് വെട്ടിച്ചുരുക്കി

‘കോബ്ര’ 20 മിനുറ്റ് വെട്ടിച്ചുരുക്കി

ചിയാന്‍ വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കോബ്ര’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഏറെക്കാലമായി വന്‍ ഹിറ്റിനായി കൊതിക്കുന്ന വിക്രം വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തിയ ഈ ചിത്രത്തിന് ശരാശരി അഭിപ്രായം മാത്രമാണ് ആദ്യ ദിനത്തില്‍ സ്വന്തമാക്കാനായത്. ചിത്രത്തിന്‍റെ ദൈര്‍ഘ്യമാണ് പ്രധാന പോരായ്മയാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുക്കിയത്. മൂന്ന് മണിക്കൂര്‍ 3 മിനുറ്റാണ് ചിത്രത്തിന്‍റെ ആദ്യ പതിപ്പിന് ഉണ്ടായിരുന്നത്. പ്രേക്ഷക പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ 20 മിനുറ്റ് വെട്ടിച്ചുരുക്കുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പുതിയ എഡിറ്റുകളോടെ ഉള്ള വേര്‍ഷനാണ് ഇന്ന് വൈകുന്നേരം മുതല്‍ പ്രദര്‍ശിപ്പിക്കുക എന്നാണ് വിവരം.

‘ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. വിവിധ രാജ്യങ്ങളിലായി ചിത്രീകരിച്ച കോബ്ര ത്രില്ലറാണ്. വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കൾ ഉൾപ്പെടുന്ന ഒരു വലിയ താരനിര ‘കോബ്ര’യിൽ ഉണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഈ ചിത്രത്തിലൂടെ സിനിമയില്‍ എത്തുന്നു. ഫ്രഞ്ച് ഇന്‍റര്‍പോള്‍ ഓഫീസർ അസ്‍ലാന്‍ യിൽമാസിന്‍റെ വേഷത്തിലാണ് ഇര്‍ഫാന്‍ എത്തുന്നത്. ‘കെ.ജി.എഫ്’ ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക. കെ എസ് രവികുമാർ, റോഷൻ മാത്യു, മിയ ജോർജ്, മാമുക്കോയ, സർജാനോ ഖാലിദ്, മണികണ്ഠന്‍ ആചാരി, മൃണലിനി രവി തുടങ്ങി നിരവധി പേർ ചിത്രത്തില്‍ അണിനിരക്കുന്നു. എ ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ലളിത് കുമാർ നിർമ്മിക്കുന്നു.

Film scan Latest