മാമുക്കോയ ഇനി നിറചിരി ഓര്‍മ

മാമുക്കോയ ഇനി നിറചിരി ഓര്‍മ

മലയാളത്തിന്‍റെ പ്രിയതാരം മാമുക്കോയ (76) അന്തരിച്ചു. മലപ്പുറത്ത് ഒരു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്. ഹാസ്യവേഷങ്ങളിലും ക്യാരക്റ്റര്‍ റോളുകളിലും ഒരു പോലെ ശ്രദ്ധ നേടിയ അദ്ദേഹം മലബാറിന്‍റെ സംഭാഷണ ശൈലിയിലൂടെയും കൈയടി നേടി.
കോഴിക്കോട് പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിന് ജനിച്ച മാമുക്കോയ കോഴിക്കോട്ടെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ സിനിമയില്‍ എത്തുകയായിരുന്നു. 1962 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷമാണ് വഴിത്തിരിവായത്.
പിന്നീട് നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി. നാല് തമിഴ് ചിത്രങ്ങളിലും ഒരു ഫ്രഞ്ച് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Latest Starbytes