മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയറ്ററുകളില്‍ റിലീസായതിനു പിന്നാലെ ചിത്രത്തിന്റെ പേരില്‍ താന്‍ വ്യക്തിപരമായി നേരിടുന്ന ആക്രമണങ്ങളില്‍ നടി മഞ്ജു വാര്യര്‍ പ്രതികരിക്കണമായിരുന്നുവെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. മഞ്ജു വാര്യര്‍ക്ക് സിനിമയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കിയതെന്ന നിലയിലും അവരുമായുള്ള സൗഹൃദത്തിന്റെയും പ്രൊഫഷണല്‍ ബന്ധത്തിന്റെയും പേരില്‍ ഒട്ടേറേയിടങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കപ്പെട്ടിട്ടുണ്ടെന്നും അതിന്റെ തുടര്‍ച്ചയാണ് ഒടിയന്റെ പേരിലും നടക്കുന്നതെന്ന് ശ്രീകുമാര്‍ പറയുന്നു.
ഒടിയന്‍ കണ്ട് ഇഷ്ടപ്പെടാത്ത പ്രേക്ഷകരോ താന്‍ സിനിമയ്ക്കായി സ്വീകരിച്ച പ്രമോഷന്‍ രീതിയോട് വിയോജിപ്പുള്ളവരോ അല്ല, വാടകക്കെടുത്ത ഒരു സംഘമാണ് സൈബര്‍ ആക്രമണത്തിനു പിന്നിലെന്നാണ് ശ്രീകുമാറിന്റെ വാദം. വളരേ വേഗം മഞ്ജു മടങ്ങിപ്പോകുമെന്ന് പലരും കരുതിയപ്പോള്‍ അവര്‍ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഉയര്‍ന്നു വന്നുവെന്നു. അക്കാര്യത്തില്‍ തനിക്കെതിരേ പലര്‍ക്കും എതിര്‍പ്പുണ്ട്.
തനിക്കെതിരായ ആക്രമണത്തെ ചെറുക്കാന്‍ അനാവശ്യമായി മഞ്ജു വാര്യരെ വലിച്ചിഴക്കുന്നു എന്ന് തോന്നുന്നുവെങ്കില്‍ അതും അവര്‍ പറയണമെന്ന് ശ്രീകുമാര്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.