മോഹന്‍ലാല്‍ ചിത്രം ഒടിയന്റേതായി പ്രചരിപ്പിക്കപ്പെട്ടത് പെരുപ്പിച്ച കണക്കുകളാണെന്ന് നിര്‍മാതാവും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുമായ സുരേഷ് കുമാര്‍ സംസാരിക്കുന്നതിന്റെ വോയ്‌സ് ക്ലിപ്പ് വൈറലാകുന്നു. പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മുന്‍ ഭാരവാഹി കൂടിയായ സുരേഷ് കുമാര്‍ സംസാരിച്ചതാണ് പുറത്തുവന്നത്. സംഭാഷണം തന്റേതു തന്നെയാണെന്നും പെരുപ്പിച്ച് കാണിക്കുന്ന കണക്കുകള്‍ സിനിമാ വ്യവസായത്തിന് ദോഷമാണെന്നും ഇക്കാര്യത്തിലെ പിശക് നിര്‍മാതാക്കള്‍ അറിയുന്നതിനു വേണ്ടിയാണ് സംസാരിച്ചതെന്നും പിന്നീട് സുരേഷ് കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.
ഒടിയന്‍ 100 കോടിക്കു മുകളില്‍ പ്രീ റിലീസ് ബിസിനസ് നടത്തിയെന്നാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ പറഞ്ഞത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ഇക്കാര്യം പറഞ്ഞിട്ടില്ല. ‘ ‘ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ്സ് ആയിക്കഴിഞ്ഞ് അത് അനൗണ്‍സ് ചെയ്യുന്നു. അതാണ് അതിന്റെ രീതി. ഒരു മലയാള പടത്തിന് നൂറു കോടി ലാഭം കിട്ടും എന്നൊക്കെ പറയുന്നത് ശരിയായ നടപടിയല്ല. റിലീസ് കഴിഞ്ഞിട്ട് പറയാം. അല്ലെങ്കില്‍ പടം ഓടിക്കഴിഞ്ഞ് അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. റിലീസിനു മുന്‍പ് തമിഴില്‍ പോലും ഇങ്ങനെ ഒരു ബിസിനസ് നടന്നിട്ടില്ല. സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത്’ സുരേഷ് കുമാര്‍ പറയുന്നു.
വോയ്‌സ് ക്ലിപ്പില്‍ സുരേഷ് കുമാര്‍ പറയുന്നതിങ്ങനെ- ‘ സംവിധായകന് പേര് കിട്ടാന്‍ വേണ്ടി നൂറു കോടിയെന്നും അഞ്ഞൂറു കോടിയെന്നും പറയും. അയാള്‍ക്ക് വേറെ സിനിമ കിട്ടാനുള്ള പരിപാടിയാണ്. എന്നാലല്ലേ, ആയിരം കോടിയുടെ പടം ചെയ്യാനൊക്കൂ. ഇതൊക്കെയാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍. നേരത്തെ, പുലിമുരുകന്റെ കാര്യത്തില്‍ നൂറുകോടി ക്ലബ് എന്നു പറഞ്ഞു. ആളുകള്‍ വിചാരിച്ചു, സിനിമ നൂറു കോടി കലക്ട് ചെയ്തു എന്ന്. പക്ഷേ, അതിന്റെ യാഥാര്‍ഥ്യം എന്തെന്ന് എല്ലാവര്‍ക്കും അറിയാം. ടോമിച്ചന്‍ മുളകുപാടത്തിന് അറിയാം. ആ പടത്തിനേക്കാള്‍ ലാഭം(കളക്ഷനല്ല) രാമലീല എന്ന പടത്തില്‍ കിട്ടിയതായാണ് നമ്മുടെ അടുത്തു പറഞ്ഞത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇതുപോലെയുള്ള മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുന്ന ഡയറക്ടര്‍മാര്‍ക്ക് അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പരിപാടിയാണ്. ഇതിന്റെ തലവേദന മുഴുവന്‍ ആന്റണി പെരുമ്പാവൂരിനാണ്. ഇന്‍കം ടാക്‌സുകാരും ബാക്കിയുള്ളവരും വീട്ടില്‍ കയറി ഇറങ്ങും. സംവിധായകന് നഷ്ടപ്പെടാന്‍ ഒന്നുമില്ല’
നേരത്തേ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ നിര്‍മാതാക്കളായ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനിലെ ധാരണ പ്രകാരം കളക്ഷന്‍ പുറത്തുവിട്ടുള്ള പ്രചാരണത്തിനില്ലെന്ന് വ്യക്തമായിരുന്നു. കൊച്ചുണ്ണി റിലീസിന് മുമ്പ് മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനിലേക്ക് ചിത്രം എത്തിയെന്നും ഗുഡ്വില്‍ പറഞ്ഞി. ഈ വര്‍ഷം ഏറ്റവുമധികം ലാഭമുണ്ടാക്കിയ ചിത്രമാണ് അബ്രഹാമെന്നാണ് വിലയിരുത്തല്‍.