സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി പ്രഖ്യാപിച്ച ഒറ്റക്കൊമ്പന്‍ (OttaKomban) ഏറക്കുറേ ഉപേക്ഷിച്ചു. താരം തന്നെയാണ് പുതിയൊരു അഭിമുഖത്തില്‍ ചിത്രം യാഥാര്‍ത്ഥ്യമാകില്ലെന്ന സൂചന നല്‍കിയത്. നവാഗതനായ മാത്യു തോമസ് (Mathew Thomas) സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ 25 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ പൃഥ്വിരാജ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഒറ്റക്കൊമ്പന്‍റെ ചിത്രീകരണം നിയമപ്രശ്നങ്ങളില്‍ കുടുങ്ങുകയായിരുന്നു. രണ്ടു ചിത്രങ്ങളിലെയും നായക കഥാപാത്രത്തിനും സാഹചര്യങ്ങള്‍ക്കും പ്രചോദനമായത് ഒരേ യഥാര്‍ത്ഥ സംഭവങ്ങളാണ് എന്നതാണ് കേസിലേക്ക് നയിച്ചത്.
രണ്ടു ഘട്ടങ്ങളില്‍ ഒറ്റക്കൊമ്പനായി 45 ദിവസത്തെ ഡേറ്റ് താന്‍ നല്‍കിയെന്നും ഇതിനായി ഗെറ്റപ്പ് കാത്തുസൂക്ഷിച്ചുവെന്നും സുരേഷ് ഗോപി പറയുന്നു. മൊത്തം 90 ദിവസവും താടി ശരിപ്പെടുത്തിയെടുക്കാന്‍ അതില്‍ കൂടുതലായി ചിത്രത്തിനായി നീക്കിവെച്ചിട്ടും ഷൂട്ടിംഗ് തുടങ്ങാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ അവര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗിലേക്ക് നീങ്ങുകയാണെങ്കില്‍ മാത്രമേ താന്‍ അതിനേക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നാണ് താരം വ്യക്തമാക്കിയത്.