ആദ്യ ദിന കളക്ഷനില്‍ പുതിയ ഇന്ത്യന്‍ റെക്കോഡുമായി ‘ആര്‍ആര്‍ആര്‍’

ആദ്യ ദിന കളക്ഷനില്‍ പുതിയ ഇന്ത്യന്‍ റെക്കോഡുമായി ‘ആര്‍ആര്‍ആര്‍’

‘ബാഹുബലി’യെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി (SS Rajamouli) സംവിധാനം ‘ആര്‍ആര്‍ആര്‍’ (RRR) വരവറിയിച്ചത് ബാഹുബലി റെക്കൊഡുകള്‍ തകര്‍ത്ത്. ആദ്യ ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ ഇന്ത്യയില്‍ നിന്നും ആഗോള തലത്തിലും സ്വന്തമാക്കുന്ന ചിത്രം എന്ന റെക്കൊഡ് ബാഹുബലി-2നെ പിന്തളി ആര്‍ആര്‍ആര്‍ കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്ന് 130-150 കോടി രൂപയും വിദേശ സെന്‍ററുകളില്‍ നിന്ന് 70-100 കോടിയും ചിത്രം കരസ്ഥമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഏറക്കുറേ കൃത്യമായ കണക്കുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

കേരളത്തിൽ 524 സ്ക്രീനുകളാണ് ആദ്യദിനത്തിൽ ചിത്രം പ്രദർശിപ്പിച്ചത്. ചില സ്ക്രീനുകളിലെ 3ഡി ചാര്‍ജ്ജുള്‍പ്പടെ 4 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ചിത്രം ആദ്യ ദിനത്തില്‍ നേടിയത്. ഒരു തെലുങ്ക് ഡബ്ബ് ചിത്രം കേരളത്തില്‍ നിന്നു നേടുന്ന രണ്ടാമത്തെ മികച്ച ആദ്യ ദിന കളക്ഷനാണിത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഇന്ത്യന്‍ ഭാഷകളില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം എത്തി

1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍, ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ഡി വി വി എന്റെര്‍റ്റൈന്മെന്റ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തില്‍ കുമാറും എഡിറ്റ് ചെയ്തത് ശ്രീകര്‍ പ്രസാദുമാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Film scan Latest Other Language