താന്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നു എന്ന വലിയ പ്രഖ്യാപനം 2018ലാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ നടത്തിയത്. ആവേശത്തോടെ ആരാധകര്‍ കേട്ട ആ പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവന്നു. ബറോസ് എന്ന പേരില്‍ 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2019ല്‍ ആരംഭിക്കാനാകുമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് ബറോസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിദേശ താരങ്ങളെ പ്രഖ്യാപിച്ച ചടങ്ങില്‍ 2020 മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് പദ്ധതി എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. എന്നാല്‍ കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഇത് യാഥാര്‍ത്ഥ്യമായില്ല. ഇപ്പോള്‍ ഈ വര്‍ഷം ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
ജിജോ പുന്നോസിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗോവയും കേരളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ ഏറെ ഭാഗങ്ങള്‍ കൊച്ചിയിലെ നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുക. പോര്‍ച്ചുഗല്‍, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലും ഷൂട്ടിംഗ് ഉണ്ടാകും. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. മുഖ്യ വേഷമായ ബറോസിനെ കൈകാര്യം ചെയ്യുക മോഹന്‍ലാല്‍ തന്നെയായിരിക്കും.
‘ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണെന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ നോവലിനെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ ജിജോ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Here is the new update for Mohanlal’s directorial debut Barozz. The Magnum Opus scripted by Jijo Punnoose will start rolling from mid April.