മമ്മൂട്ടി ചിത്രം റോഷാക്ക് ആദ്യ വാരാന്ത്യം പിന്നിടുമ്പോള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം ഉറപ്പിച്ച് മുന്നേറുകയാണ്. നിസ്സാം ബഷീർ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ഇന്നുവരെ വരാത്ത രീതിയിലുള്ള അവതരണ രീതിയും ശൈലിയും ഉള്ള പ്രതികാര കഥയാണ്. പെട്ടെന്നുള്ള റിലീസ് പ്രഖ്യാപനവും അവധിദിനങ്ങള്‍ക്കു ശേഷമുള്ള റിലീസും ചിത്രത്തിന്റെ പ്രീ റിലീസ് ബുക്കിംഗിനെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ മികച്ച അഭിപ്രായങ്ങള്‍ വന്നതോടെ കളക്ഷന്‍ ഉയരുകയായിരുന്നു. ആദ്യ ദിനത്തേക്കാള്‍ ഉയര്‍ന്ന കളക്ഷനാണ് രണ്ടും മൂന്നും ദിനങ്ങളില്‍ മിക്ക സെന്ററുകളിലും ചിത്രത്തിന് ലഭിച്ചത്.
ആദ്യ ദിനത്തില്‍ ആഗോള തലത്തില്‍ 5.5-6 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനത്തില്‍ 6 കോടിക്ക് മുകളിലും മൂന്നാം 7 കോടിക്ക് മുകളിലും നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രാഥമിക വിലയിരുത്തല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ 6 കോടിക്ക് താഴെ മാത്രം ചെലവിട്ട് നിര്‍മിച്ച ചിത്രം ഇതിനകം മികച്ച ലാഭം നിര്‍മാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ബിസിനസില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും ലാഭം നല്കുന്ന തരത്തിലേക്ക് ചിത്രമെത്തുമെന്ന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. ആദ്യ വാരാന്ത്യ കഴിയുമ്പോള്‍ ആഗോള കളക്ഷന്‍ 19-20 കോടി രൂപയാണ്.
മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുന്നതും ആരാധകരെ സംതൃപ്തരാക്കുന്നതുമാണ് ചിത്രമെന്ന് നിരൂപകര്‍ പറയുന്നു. മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ ഗണത്തില്‍ ചിത്രം വരുമെന്നാണ് അഭിപ്രായമുയരുന്നത്. സംഭാഷണങ്ങള്‍ അധികമില്ലാത്ത വേറിട്ട രൂപഭാവങ്ങളിലള്ള മമ്മൂട്ടിയുടെ ലൂക്ക് ആന്റണി പ്രേക്ഷകരെ പിടിച്ചിരുത്തുമ്പോള്‍ ബിന്ദു പണിക്കരും പ്രകടനത്തിലൂടെ ശ്രദ്ധ മേടുന്നു
കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രോജെക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ പ്രവർത്തകർ.