വല്യേട്ടനായും കൂട്ടുകാരനായും ലാലേട്ടന്‍ നിന്നു, റഹ്മാന്‍റെ കുറിപ്പ് വൈറല്‍

വല്യേട്ടനായും കൂട്ടുകാരനായും ലാലേട്ടന്‍ നിന്നു, റഹ്മാന്‍റെ കുറിപ്പ് വൈറല്‍

നടന്‍ റഹ്മാന്‍റെ മകളുടെ വിവാഹച്ചടങ്ങായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച്ച. ചെന്നെെയില്‍ വെച്ചു നടന്ന ചടങ്ങില്‍ സിനിമയിലെ റഹ്മാന്‍റെ നിരവധി സഹപ്രവര്‍ത്തകരെത്തി. ചടങ്ങിന്‍റെ തുടക്കം മുതല്‍ നിറസാന്നിധ്യമായി മോഹന്‍ലാലും ഭാര്യ സുചിത്രയും ഉണ്ടായിരുന്നു. ഇപ്പോള്‍ ചടങ്ങിലെ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് റഹ്മാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്.

റഹ്മാന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം കാണാം

“എന്റെ പ്രിയപ്പെട്ട ലാലേട്ടന്…
ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു, മകളുടെ വിവാഹം.
ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്…ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ…കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം…
അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും … എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് …. ആർടിപിസിആർ പരിശോധന നടത്തി…
ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി…
പ്രിയപ്പെട്ട ലാലേട്ടാ… സുചി…
നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല.
ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക? സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല.
പക്ഷേ… ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല.നന്ദി…ഒരായിരം നന്ദി…
സ്നേഹത്തോടെ,
റഹ്മാൻ, മെഹ്റുന്നിസ.”

Actor Rahman’s note on Mohanlal’s presence and support on his daughter’s wedding went viral.

Latest Starbytes