മലയാളത്തിന്റെ അനശ്വര താര വിസ്മയമാണ് പ്രേംനസീര്‍. മലയാളി ആദ്യമായി നെഞ്ചേറ്റിയ നായകന്‍, സൂപ്പര്‍ താരം. നായകനായി മാത്രമല്ല പിന്‍കാലത്ത് കാമ്പുള്ള സ്വഭാവ വേഷങ്ങളിലും നസീര്‍ തിളങ്ങി. 1988ലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. അതേ വര്‍ഷം അദ്ദേഹത്തിന്റെ അവസാന അഭിമുഖം ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള തന്റെ ഭാവി പദ്ധതികളും വ്യക്തി ജീവിതത്തിലെ ഓര്‍മകളുമെല്ലാം അദ്ദേഹം പങ്കുവെച്ചിരുന്നു.
അന്ന് താരങ്ങളായി വളര്‍ന്നു തുടങ്ങുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി സിനിമ സംവിധാനം ചെയ്യണമെന്ന സ്വപ്‌നം അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. അതില്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടു പോയിരുന്നു. ജൂലൈയില്‍ ചിത്രീകരണം തുടങ്ങാനായിരുന്നു നസീറിന്റെ പദ്ധതി. ജനങ്ങള്‍ക്ക് ആസ്വദിക്കാനാകുന്ന നിലവാരമുള്ള സിനിമയാകും അതെന്നും അഭിമുഖത്തില്‍ നസീര്‍ വ്യക്തമാക്കുന്നു. ‘ എന്നില്‍ നിന്ന് ഒരു അവാര്‍ഡ് ഫിലിമൊന്നും പ്രതീക്ഷിക്കണ്ട, പ്രേക്ഷകരുടെ ആനന്ദമാണ് എന്റെ ലക്ഷ്യം. സിനിമയില്‍ ഞാന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും അത് മുന്നില്‍ കണ്ടായിരുന്നു. എന്റെ ചിത്രം നല്ല നിലവാരം പുലര്‍ത്തുന്നതും പ്രേക്ഷകരെ രസിപ്പിക്കുന്നതുമായിരിക്കും.’ പ്രേംനസീര്‍ പറയുന്നു. പക്ഷേ ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കാലം അദ്ദേഹത്തിന് സമയം അനുവദിച്ചില്ല. 1988 ജൂലൈ മാസം എത്തും മുമ്പേ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു. കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ സജീവമാകാനും പദ്ധതിയുണ്ടായിരുന്നു.
Tags:mohanlalprem nazeer