നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിൽ ഒന്നാണ് പ്രൊജക്റ്റ് കെ. ഫ്യൂച്ചറസ്റ്റിക് സയൻസ് ഫിക്ഷൻ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുകോണാണ്. സിനിമ പാൻ ഇന്ത്യ തലത്തിൽ വൻശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ.
ചിത്രത്തില്‍ ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊജക്റ്റ് കെയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്‍റെ പിറന്നാൾ ദിവസമാണ് പ്രൊജക്റ്റ് കെയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടത്. ഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലുമാണ് സിനിമ ചിത്രീകരിക്കുന്നത്.