രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ റീലീസ് ജൂണിലേക്ക് മാറ്റി. നേരത്തേ 2023 ജനവരി 12ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രത്തിൻ്റെ ടീസറിന് ലഭിച്ച മോശം പ്രതികരണങ്ങള്‍ കൂടു കണക്കിലെടുത്ത് പോസ്റ്റ് പ്രൊഡക്ഷനും ഗ്രാഫിക്സിനും കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നാണ് വിവരം. 3ഡി ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. കൃതി സനോൻ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജൂണ്‍ 16 ആണ് പുതുക്കിയ റിലീസ് തീയതി.
ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും.
ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രവി ബസ്രുറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.