ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന ‘ധ്രുവനച്ചത്തിരം’ ഷൂട്ടിംഗ് പൂര്‍ത്തായായി. ഷൂട്ടിംഗ് തുടങ്ങി ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂര്‍ത്തീകരണത്തിലേക്ക് എത്തിയത്. 2017ല്‍ പ്രഖ്യാപിച്ച് ഷൂട്ടിംഗ് തുടങ്ങിയ ചിത്രം പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. 2019ല്‍ ചിത്രം തിയറ്ററുകളിലെത്തിക്കുകയാണെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കുകയാണെന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാതെ ഡബ്ബിംഗ് നടത്തുന്നതിന് വിക്രം വിസമ്മതിച്ചു. പിന്നെ കൊറൊണ പ്രതിസന്ധിയും വിക്രമിന്‍റെ മറ്റു ചിത്രങ്ങളുടെ തിരക്കും കാരണം തര്‍ക്കം നീണ്ടുപോയി.
ഗൗതം മേനോന്‍ ധനുഷിനെ നായകനാക്കി ഒരുക്കിയ ‘എന്നൈ നോക്കിപ്പായും തോട്ട’യും പലവിധ പ്രതിസന്ധികള്‍ കടന്ന് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്തിറക്കിയത്. ഗൗതം മേനോന്‍ നിര്‍മിച്ച് കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ‘നരകാസുരന്‍’ എന്ന ചിത്രവും റിലീസ് മുടങ്ങിക്കിടക്കുകയാണ്.
സിഐഎ ഏജന്‍റായ ജോണ്‍ ആയാണ് വിക്രം ധ്രുവനച്ചത്തിരത്തില്‍ എത്തുന്നത്. ആദ്യം സൂര്യയുമൊത്ത് ആലോചിച്ച പ്രൊജക്റ്റ് ആണിത്. എന്നാല്‍ സൂര്യ ഇതില്‍ നിന്നു മാറിയതോടെ ഗൗതം മേനോനും സൂര്യയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട പിണക്കത്തിനും ഇത് ഇടയാക്കി. റിതു വര്‍മയും ഐശ്വര്യ രാജേഷും നായികമാരാകുന്നു. പാര്‍ത്തിപന്‍, സിമ്രാന്‍, ദിവ്യദര്‍ശിനി, രാധിക ശരത് കുമാര്‍, മുന്ന, വംശി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ ഉള്ളത്.
ബാക്കിയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ തീര്‍ത്ത് മേയോടെ ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.