പുതിയൊരു ചെരിപ്പ് നാലാം ക്ലാസുകാരനായ ലോനപ്പന്റെ ഒരു ആഗ്രഹമായിരുന്നു. ഒടുവില്‍ ലോന ഒരു തീരുമാനമെടുത്തു. അമ്മച്ചിയില്ലാത്ത ഒരു ദിവസം ലോന പള്ളിയില്‍പോയി. പള്ളിയില്‍ എല്ലാവരും കയറി. കുര്‍ബ്ബാന തുടങ്ങി. പക്ഷേ ലോനമാത്രം പള്ളിക്കുമുന്നില്‍നിന്നു. ആ കുഞ്ഞുമനസ്സിന്റെ ശ്രദ്ധ മുഴുവന്‍ ചെരുപ്പുകളിലായിരുന്നു. തുടര്‍ന്ന് ലോനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് പാപ്പാസ് എന്ന ചിത്രത്തില്‍ ദൃശ്യവല്‍കരിക്കുന്നത്.
നവാഗതനായ സമ്പത്ത് സംവിധാനം ചെയ്യുന്ന പാപ്പാസ് എന്ന ചിത്രത്തില്‍ ലോനയായി ജ്യോതിസ്സ്, അപ്പനായി റഷീദ് നസീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമ്മ ത്രേസ്യയായി പാര്‍വ്വതി അഭിനയിക്കുന്നു. ബിഞ്ചുജേക്കബ്ബ്, വിഷ്ണു, ചന്ദ്രന്‍ പട്ടാമ്പി, ശിവ, ജയരാജ്മിത്ര, മിഥുന്‍ എം.ദാസ്, ബേബി വിശ്രുത, വിജയകുമാര്‍, ബേബി വിശാരദ തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍.
രാമലീല പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പാപ്പാസിന്റെ തിരക്കഥ, സംഭാഷണം സന്തോഷ് കല്ലാട്ട് എഴുതുന്നു. റഷീദ്‌റാഷി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, കൈതപ്രം എന്നിവരുടെ വരികള്‍ക്ക് ഡോക്ടര്‍ ഗോപാല്‍ ശങ്കര്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മുജീബ് ഒറ്റപ്പാലം, കല വിഷ്ണു നെല്ലായ, മേക്കപ്പ് മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സന്തോഷ് പഴവൂര്‍, സ്റ്റില്‍സ് ബൈജു ഗുരുവായൂര്‍, പരസ്യകല ജിസ്സണ്‍പോള്‍, എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍, രാംലീല റീലിസ് ചിത്രം നവംബര്‍ 23ന് തിയേറ്ററുകളിലെത്തിക്കും.