മമ്മൂട്ടി (Mammootty) ആരാധകരും മലയാള സിനിമാ പ്രേക്ഷകരും തന്നെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുനന ചിത്രമാണ് ‘ബിലാല്‍’ (Bilal). പ്രഖ്യാപനത്തിലൂടെ തന്നെ തരംഗം സൃഷ്ടിച്ച ചിത്രം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് കോവിഡ് 19 കാര്യങ്ങള്‍ മാറ്റിമറിച്ചത്. പിന്നീട് അമല്‍ നീരദ് (Amal Neerad) സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മമ്മൂട്ടിക്കായി ഒരുക്കിയ ഭീഷ്മപര്‍വം (BheeshmaParvam) കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി വന്‍വിജയമായി മാറി. ഇതോടെ വരാനിരിക്കുന്ന ബിലാലിനെ കുറിച്ചുള്ള പ്രതീക്ഷകളും ഇരട്ടിച്ചു. അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിലാലിനെ കുറിച്ച് അമല്‍ നീരദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
“മാർച്ച് 15 ന് ഷൂട്ട് ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ബിലാൽ. ആ സിനിമയ്ക്കു വേണ്ടി കൊച്ചിയിലെ വാസ്കോ ഹൗസ് ഉൾപ്പെടെയുള്ള ലൊക്കേഷനുകൾക്കുള്ള അഡ്വാൻസ് വരെ കൊടുത്തിരുന്നതാണ്. കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ള ലൊക്കേഷനുകളിലായിരുന്നു ബിലാൽ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. പോളണ്ടിലുള്ള ഒരു പ്രൊഡക്‌ഷൻ ടീമുമായി ധാരണ വരെ ആയതുമാണ്. പക്ഷേ അപ്പോഴാണ് കോവിഡ് മഹാമാരി കേരളത്തിൽ ആരംഭിക്കുന്നത്. ബിലാൽ അനിശ്ചിതമായി നീണ്ടതോടെ ഒരു ചെറിയ സിനിമ ചെയ്താലോ എന്ന് ഞാനും മമ്മൂക്കയും കൂടി ആലോചിച്ചു” ബിലാല്‍ മാറി ഭീഷ്മപര്‍വത്തിലേക്ക് എത്തിയതിനെ കുറിച്ച് അമല്‍ നീരദ് പറഞ്ഞു.
ഭീഷ്മപര്‍വം നിരവധി പ്രതിബന്ധങ്ങള്‍ ഷൂട്ടിംഗ് ഘട്ടത്തിലും റിലീസ് ഘട്ടത്തിലുമെല്ലാം നേരിട്ട സിനിമയാണ്. അതിനാല്‍ അല്‍പ്പം വിശ്രമിച്ച ശേഷമേ അടുത്ത ചിത്രം ചെയ്യുകയുള്ളൂ. ബിലാല്‍ കൂടാതെ മമ്മൂട്ടിക്കായുള്ള മറ്റ് ചിത്രങ്ങളും മനസിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “കഴിഞ്ഞ ദിവസം ദുൽഖറുമായി സംസാരിച്ചപ്പോൾ ഞാൻ പറയുകയുണ്ടായി, മമ്മൂക്കയുമായി പുതിയ കുറച്ചു സിനിമകൾ ചെയ്യാനാണ് എനിക്ക് ആഗ്രഹമെന്ന്. രണ്ടാമത്തെ ഫൈറ്റ് സീനിന്റെ ആദ്യം ‘താളികളെ’ എന്ന ഡയലോഗ് കഴിഞ്ഞുള്ള മമ്മൂക്കയുടെ സൈക്കോ ചിരിയെക്കുറിച്ച് ഒരുപാട് ആളുകൾ പറയുന്നതു കേട്ടു. അദ്ദേഹത്തിന്‍റെ ഇതുവരെ കാണാത്ത ഒരുപാട് ഭാവങ്ങളുണ്ട്. അങ്ങനെ ഇതുവരെ കാണാത്ത മമ്മൂക്കയെ പ്രസന്റ് ചെയ്യണമെന്നാണ് ഏതൊരു സംവിധായകനെയും പോലെ ഞാനും ആഗ്രഹിക്കുന്നത്. ബിലാലിന്റെ തിരക്കഥ രണ്ടു വർഷം മുമ്പ് പൂർത്തിയാക്കിയതാണ്. അതിൽ ഇനി കുറച്ചു കറക്‌ഷൻസ് വേണ്ടി വരും. പോപ്പുലർ സിനിമ ചൂടോടെ വിളമ്പേണ്ടതാണല്ലോ. ബിലാൽ ചെയ്യണം, മറ്റു സിനിമകളും ചെയ്യണം,” അമല്‍ നീരദ് വ്യക്തമാക്കി.