സംവിധായകനൊപ്പമിരുന്ന് സ്റ്റേഷൻ 5 ആസ്വദിച്ച് കണ്ട് നഞ്ചമ്മ

സംവിധായകനൊപ്പമിരുന്ന് സ്റ്റേഷൻ 5 ആസ്വദിച്ച് കണ്ട് നഞ്ചമ്മ

സ്റ്റേഷൻ 5 എന്ന സിനിമ നഞ്ചമ്മയോടൊപ്പം കാണാൻ സംവിധായകൻ പ്രശാന്ത് കാനത്തൂർ അട്ടപ്പാടിയിൽ എത്തി. നഞ്ചമ്മയെ അവരുടെ വീട്ടിൽ ചെന്ന് തീയ്യറ്ററിലേക്ക് ക്ഷണിച്ചു കൊണ്ടുവരികയായിരുന്നു സംവിധായകൻ. അഗളിയിലെ തീയ്യറ്ററിൽ നഞ്ചമ്മ സംവിധായകന് അരികിലിരുന്നാണ് സിനിമ കണ്ട് ആസ്വദിച്ചത്. അവർ സ്റ്റേഷൻ 5 ൽ ഗാനം ആലപിച്ചതിനൊപ്പം അഭിനയിച്ചിട്ടുമുണ്ട്. അയ്യപ്പനും കോശിക്കും ശേഷം ഇതാദ്യമായാണ് തീയ്യറ്ററിൽ നിന്നും താൻ സിനിമ കാണുന്നതെന്ന് നഞ്ചമ്മ പറഞ്ഞു. ‘എനിക്കൊപ്പം സിനിമ കാണണം എന്ന് ഒരു സംവിധായകൻ ആദ്യമായാണ് എന്നോടു പറയുന്നതും. ഇതിനു വേണ്ടി മാത്രം അട്ടപ്പാടിയിൽ എത്തുന്നതും. ആ നല്ല മനസിന് നന്ദി’- നഞ്ചമ്മ പറഞ്ഞു. സ്റ്റേഷൻ 5 നല്ലൊരു ചിത്രമാണ്.

എനിക്ക് നന്നായി ആസ്വദിക്കാൻ പറ്റി. ഇങ്ങനെയുള്ള സിനിമകൾ ഇവിടെ ഉണ്ടാവണം. സാധാരണ ജനങ്ങളുടെ കഥ പറയുന്ന ഈ നല്ല ചിത്രം എല്ലാവരും കാണേണ്ടതാണെന്നും നഞ്ചമ്മ പറഞ്ഞു. പൂർണമായും അട്ടപ്പാടിയിൽ ചിത്രീകരിച്ച ഈ സിനിമയുടെ വിജയത്തിന് അട്ടപ്പാടി ക്കാർ മുഴുവൻ ഒപ്പം നിൽക്കണമെന്നും അവർ അഭ്യർത്ഥിച്ചു. പളനിസ്വാമി ഉൾപ്പെടെ അട്ടപ്പാടി മേഖലയിലെ നിരവധി പേർ സ്റ്റേഷൻ 5 ൽ അഭിനയിക്കുകയും അണിയറയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. നഞ്ചമ്മയും വിനോദ് കോവൂരും ചേർന്ന് പാടിയ കാലെ കാലെ കുംബ എന്ന ഗാനം ഇതിനകം വൈറലായിരിക്കുകയാണ്. അഞ്ചു ലക്ഷത്തിലധികം ആസ്വാദകർ ഈ ഗാനത്തെ വരവേറ്റു കഴിഞ്ഞു. അതിന്റെ സന്തോഷം കൂടി നഞ്ചമ്മ പങ്കുവെച്ചു.

മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ. മായ നിര്‍മ്മിച്ച സ്റ്റേഷൻ 5 ഗൗരവപരമായി സിനിമയെ കാണുന്ന ജനങ്ങൾക്കിടയിൽ ഇതിനകം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജനുവരി 7 നാണ് പ്രദർശനത്തിനെത്തിയത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. ‘തൊട്ടപ്പന്‍’ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. ചേവമ്പായി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.

സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍, ഹിരണ്‍ മുരളി എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും പ്രതാപ് നായരും, ഷലീഷ് ലാല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. കല: ഉണ്ണി കുറ്റിപ്പുറം, മുരളി ബേപ്പൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സാദിഖ് നെല്ലിയോട്ട്. വാർത്താപ്രചരണം എം കെ ഷെജിൻ ആലപ്പുഴ.
Tribal singer Nanchamma enjoyed ‘Station 5’ with its director Prasanth Konathur. The movie is now in theaters.

Film scan Latest