പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡിയുടെ ടീസർ പുറത്ത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ ടീസർ ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നീ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലോക്കേഷനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഇതിനോടകം തന്നെ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുകയും ത്രസിപ്പിക്കുകയും ചെയ്യ്തിരിക്കുകയാണ് മഡ്ഡിയുടെ ടീസർ. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
കെ.ജി.എഫിന് സംഗീതം നൽകിയ രവി ബസ്റൂർ മഡ്‌ഡിയിലൂടെ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിങ്ങും, കെ.ജി രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും. മഡ്‌ഡിയുടെ ഹിന്ദി ടീസർ ബോളിവുഡ് താരം അർജുൻ കപൂറും, തമിഴിൽ ജയം രവിയും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടു.
കന്നഡയിൽ ഡോ ശിവരാജ് കുമാർ, തെലുങ്കിൽ അനിൽ രവിപുടി എന്നിവരും മഡ്‌ഡിയുടെ ടീസർ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Here is the teaer for Dr Prabhagal directorial Muddy. The movie based on mud racing has new comers in lead roles.