എംടി വാസുദേവന്‍ നായര്‍ തന്റെ നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി തയാറാക്കിയ തിരക്കഥയില്‍ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ഭീമനായി എത്തുന്ന രണ്ടാമൂഴം- മഹാഭാരത നടക്കാനുള്ള സാധ്യതകള്‍ കൂടുതല്‍ വിരളമാകുന്നു. തിരക്കഥ സിനിമയാക്കുന്നതില്‍ ആത്മാര്‍ത്ഥമായ സമീപനം ശ്രീകുമാറിനില്ലെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാവ് ബിആര്‍ ഷെട്ടി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രതികരണമാണ് ഇത് കൂടുതല്‍ വ്യക്തമാക്കുന്നത്.
‘ കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയില്ല. രണ്ടാമൂഴമോ മറ്റെന്തെങ്കിലുമോ ആകട്ടെ, മഹാഭാരത സിനിമയാക്കുക മാത്രമാണ് ലക്ഷ്യം. ആരുടെ തിരക്കഥ എന്നത് പ്രശ്‌നമല്ല’ ബി ആര്‍ ഷെട്ടി പറയുന്നു. വി എ ശ്രീകുമാര്‍ ചിത്രം സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് ‘അതൊന്നും ഇപ്പോള്‍ പറയാറായിട്ടില്ല’ എന്ന മറുപടിയാണ് ഷെട്ടി നല്‍കിയത്.
1000 കോടി മുതല്‍ മുടക്കില്‍ രണ്ടാമൂളം എന്ന പേരില്‍ മലയാളത്തിലും മഹാഭാരത- ബേസ്ഡ് ഓണ്‍ രണ്ടാമൂഴം എന്ന പേരില്‍ മറ്റ് ഭാഷകളിലും ചിത്രമൊരുക്കുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. രണ്ട് ഭാഗങ്ങളായി ചിത്രമെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനത്തിനു ശേഷം കാര്യമായ ഒരു ചലനവും രണ്ടാമൂഴത്തില്‍ ഉണ്ടായിട്ടില്ല.
ഈ വര്‍ഷം ആദ്യത്തില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ചിത്രത്തെ കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ മോഹന്‍ലാല്‍ ഇങ്ങനെയാണ് പറഞ്ഞത്. ‘ അത് നടക്കാനുള്ള സാധ്യതകളിലേക്ക് നീങ്ങുകയാണ്. നടക്കട്ടെ എന്ന് നമുക്കെല്ലാം പ്രാര്‍ത്ഥിക്കാം’. കൃത്യമായ ഡേറ്റുകളോടെ പ്രഖ്യാപനം നടന്ന ഒരു ചിത്രത്തെക്കുറിച്ചാണ് താരം ഇങ്ങനെ പറഞ്ഞത്. രണ്ടാമൂഴം കണക്കാക്കി പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മടി കാണിച്ചിരുന്ന താരത്തിന് സിദ്ദിഖ് ചിത്രം ബിഗ് ബ്രദര്‍ മാത്രമാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതായി ഷൂട്ടിംഗ് തുടങ്ങാന്‍ മുന്നിലുള്ളത്.