ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ ‘മോണ്‍സ്റ്റര്‍’-ന് ബോക്സ് ഓഫിസില്‍ അടിപതറി. ആദ്യ വാരാന്ത്യം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ പോലും 4.5 കോടിയോളം രൂപ മാത്രമാണ് ചിത്രം ഗ്രോസ് കളക്ഷന്‍ നേടിയിട്ടുള്ളത്. സമീപകാല മോഹന്‍ലാല്‍ റിലീസുകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ബജറ്റിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെങ്കിലും നിര്‍മാതാക്കള്‍ക്ക് ചിത്രം വലിയ പങ്ക് നഷ്ടം ബോക്സ് ഓഫിസ് കണക്കുകള്‍ പ്രകാരം സൃഷ്ടിക്കും. കേരളത്തില്‍ ആദ്യ ദിനത്തില്‍ 1.96 കോടി രൂപയ്ക്കടുത്ത് കളക്ഷന്‍ നേടിയ ചിത്രം അടുത്ത രണ്ട് ദിനങ്ങളില്‍ 1 കോടിക്ക് അടുത്ത് മാത്രമാണ് കളക്റ്റ് ചെയ്തിട്ടുള്ളത്. ആരാധകരെ പോലും നിരാശരാക്കുന്ന ചിത്രമാണ് ആദ്യ ഷോകള്‍ക്കു ശേഷം അഭിപ്രായമുയര്‍ന്നത്.
മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തില്‍ ഒടിടി റിലീസാണ് പ്രധാനമായി പരിഗണിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യം കണക്കിലെടുത്ത് തിയറ്റര്‍ റിലീസ് പരിഗണിച്ചു. ഹണി റോസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.