മോഹന്‍ലാലിന്‍റെ മോണ്‍സ്റ്ററിന് ‘A’? തിയറ്റര്‍ റിലീസില്‍ അവ്യക്തത

മോഹന്‍ലാലിന്‍റെ മോണ്‍സ്റ്ററിന് ‘A’? തിയറ്റര്‍ റിലീസില്‍ അവ്യക്തത

ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് (Vysakh) സംവിധാനം ചെയ്ത് മോഹന്‍ലാല്‍ (Mohanlal) മുഖ്യ വേഷത്തിലെത്തുന്ന ‘മോണ്‍സ്റ്റര്‍’ (Monster) ‘എ’ സര്‍ട്ടിഫിക്കറ്റ് ആയേക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ഉള്ളടക്ക സ്വഭാവം പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം അനുയോജ്യമായതാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിട്ടുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായിട്ടില്ല. കട്ടുകള്‍ക്കും തിരുത്തലുകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ലെങ്കില്‍ മോഹന്‍ലാലിന്‍റെ ആദ്യ ‘എ’ സര്‍ട്ടിഫിക്കറ്റ് ചിത്രമായേക്കും മോണ്‍സ്റ്റര്‍.

മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മാര്‍ച്ച് 18ന് റിലീസ് ചെയ്യുന്നതിന് വേണ്ടി ആശിര്‍വാദ് ഫിലിംസ് തിയറ്റര്‍ ചാര്‍ട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തില്‍ ഒടിടി റിലീസാണ് പ്രധാനമായി പരിഗണിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യം കണക്കിലെടുത്ത് തിയറ്റര്‍ റിലീസ് പരിഗണിക്കുന്നുണ്ടെന്ന് പിന്നീട് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മാര്‍ച്ച് 18ല്‍ നിന്ന് റിലീസ് മാറ്റുന്ന സാഹചര്യം ഉണ്ടായാല്‍ പിന്നീട് ഉചിതമായ തിയറ്റര്‍ റിലീസ് തീയതിക്കായി ഏറെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നതിനാല്‍ ഇപ്പോള്‍ ഒടിടി റിലീസ് സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

ഉദയകൃഷ്ണയുടെ ഏറ്റവും മികച്ച തിരക്കഥയാണെന്നും ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിനുണ്ടാകുക എന്നും സംവിധായകന്‍ വൈശാഖ് അടുത്തിടെ ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

Latest Upcoming