മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബറോസ് പൂജ ചടങ്ങുകളോടെ ഔദ്യോഗികമായി തുടങ്ങി. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയിരുന്നു. ചിത്രത്തിന്‍റെ വലിയൊരു അളവ് സ്റ്റുഡിയോക്കകത്ത് സെറ്റ് ഒരുക്കിയാണ് ചിത്രീകരിക്കുന്നത്. ബറോസ് എന്ന പേരില്‍ 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വരും ദിവസങ്ങളില്‍ തുടങ്ങും. മലയാള സിനിമയിലെ പ്രമുഖരും മോഹന്‍ലാലിന്‍റെ സിനിമാ വഴിയിലെ പ്രധാനപ്പെട്ടവരും ഒത്തുചേര്‍ന്ന പൂജ ചടങ്ങില്‍ ഏറെ ശ്രദ്ധേയമായത് സമാന നിറങ്ങളുള്ള വസ്ത്രങ്ങളും കട്ടത്താടിയുമായി ഒരുമിച്ചിരുന്ന മമ്മൂട്ടിയും മോഹന്‍ലാലുമാണ്. അതിനിടെ ബറോസില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ ഉണ്ടെന്ന സ്ഥിരീകരിക്കാത്ത സൂചനകളുമുണ്ട്.
ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടുത്തി കൊണ്ടാണ് പൂജ ചടങ്ങ് നടക്കുന്നത്. 2019ല്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ചിത്രം പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു.
ജിജോ പുന്നോസിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗോവയും കേരളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ ഏറെ ഭാഗങ്ങള്‍ കൊച്ചിയിലെ നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുക. പോര്‍ച്ചുഗല്‍, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലും ഷൂട്ടിംഗ് ഉണ്ടാകുമെന്നാണ് വിവരം. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. മുഖ്യ വേഷമായ ബറോസിനെ കൈകാര്യം ചെയ്യുക മോഹന്‍ലാല്‍ തന്നെയായിരിക്കും. പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും.
Barroz#Jijo @santoshsivan @antonypbvr @aashirvadcine #Barroz pic.twitter.com/HtPtQcj2Pg
— Mohanlal (@Mohanlal) March 23, 2021
‘ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണെന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാന്നൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തന്‍റെ നോവലിനെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ ജിജോ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Mohanlal’s directorial debut Barozz launched officially with pooja. The Magnum Opus scripted by Jijo Punnoose starts rolling from this March.