ബോബി-സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ‘വണ്‍’ 26ന് തിയറ്ററുകളില്‍ എത്തുകയാണ്. ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇപ്പോള്‍ ചില പ്രമുഖ സെന്‍ററുകളില്‍ ബുക്കിംഗ് തുടങ്ങി. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നേടിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രം അതിനു മുന്‍പായി തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിര്‍പ്പ് ഉന്നയിച്ചിരുന്നു. മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്ന ചിത്രം ഭരണപക്ഷത്തെ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. എന്നാല്‍ ഒരു പാര്‍ട്ടിയുടെ പേരും കൊടിയും ഇല്ലാതെയാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് സംവിധായകന്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന ചിത്രം കൊറോണ മൂലം നീട്ടിവെക്കുകയായിരുന്നു. രണ്ടു ദിവസത്തെ പാച്ചപ്പ് ഷൂട്ടിംഗ് ഈ ജനുവരിയിലും നടന്നിരുന്നു. നിമിഷ സജയനും മാത്യു തോമസും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നടന്‍ കൃഷ്ണകുമാറിന്‍റെ മകളും നടി അഹാന കൃഷ്ണകുമാറിന്‍റെ അനിയത്തിയും ആയ ഇഷാനി കൃഷ്ണകുമാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ളിക്സിന് കൈമാറിയിട്ടുണ്ട്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും എഡിറ്റിംഗ് നിഷാദും നിര്‍വഹിക്കുന്നു.
രഞ്ജി പണിക്കര്‍, ബാലചന്ദ്രമേനോന്‍, ജോജു ജോര്‍ജ്, സലിംകുമാര്‍, മുരളി ഗോപി, മാമുക്കോയ സുരേഷ് കൃഷ്ണ, സുദേവ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സാധാരണക്കാരനായ ഒരു യുവാവും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണങ്ങളും ചിത്രത്തിലെ പ്രധാന ഘടകമാണ്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍. എറണാകുളത്തും ഷൂട്ടിംഗ് നടന്നു.
Mammootty’s ‘One’ releasing on March 26th . Santhosh Viswanath is helming the movie. Script by Bobby-Sanjay. Booking open now.