ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ മോഹൻലാൽ ചിത്രം എലോണ്‍ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ പ്രദര്‍ശനത്തിന് എത്തി. നേരത്തേ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരുന്നു. വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിംഗ് തീര്‍ന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് അഭിനേതാവായി എത്തിയത്. ഒടിടി റിലീസ് ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ പിന്നീട് തിയറ്റര്‍ റിലീസ് തീരുമാനിക്കുകയായിരുന്നു.
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് ജയറാം ആണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മാണം. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിങ് ഡോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.