മോഹന്‍ലാല്‍- മുകേഷ് കൂട്ടുകെട്ട് വീണ്ടുമെത്തുകയാണ്. ഇത്തവണ്ണ തങ്ങളുടെ പതിവ് കോമഡി രീതികളുമായല്ല ഇരുവരും എത്തുന്നത്. പക്ഷേ, ഈ കൂട്ടുകെട്ടിനെ ഏറ്റവും തവണ ഒരുമിച്ച് അവതരിപ്പിച്ച പ്രിയദര്‍ശന്റെ ചിത്രത്തില്‍ തന്നെയാണ് വീണ്ടും ഇവര്‍ ഒന്നിക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മുകേഷും ഭാഗമാണ്.
സാമൂതിരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മുകേഷ് എത്തുന്നത്. സാമൂതിരിയുടെ പടത്തലവനായിരുന്നു കുഞ്ഞാലി മരക്കാര്‍. 15-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ ഭാവന കൂടി കലര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിട്ടുള്ളത്. നവംബര്‍ 15ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും.
മഞ്ജുവാര്യര്‍ നായികാ വേഷത്തിലെത്തും. മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനെയും നിശ്ചയിച്ചിട്ടുണ്ട്. കല്യാണി ആദ്യമായി അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നു എന്നതും മലയാളത്തില്‍ അരങ്ങേറുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാകും.
തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുന്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ ചിത്രത്തിലെത്തും. വിവിധ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തമിഴ് താരം പ്രഭുവുമുണ്ട്. സാമൂതിരിയുടെ പടത്തലവന്‍മാരായി ചരിത്രത്തില്‍ നാലു കുഞ്ഞാലി മരക്കാര്‍മാരാണുള്ളത്. ഇതില്‍ ആദ്യത്തെ കുഞ്ഞാലി മരക്കാറായ കുട്ട്യാലി മരക്കാറുടെ വേഷത്തില്‍ മധു എത്തും.
കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചൈന, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളില്‍ ചിത്രത്തിന് ഷൂട്ടിംഗുണ്ട്. 100 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നതെന്നും കൃത്യമായ ബജറ്റ് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ