മോഹന്‍ലാല്‍ റീച്ചബിള്‍ അല്ല, കടമ്പകള്‍ കടക്കണം- സിബി മലയില്‍

മോഹന്‍ലാല്‍ റീച്ചബിള്‍ അല്ല, കടമ്പകള്‍ കടക്കണം- സിബി മലയില്‍

മലയാളത്തിന്‍റെ നടന വിസ്മയങ്ങളായി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ പല ചലച്ചിത്രങ്ങളുടെയും സംവിധായകനാണ് സിബി മലയില്‍. ഇന്നും സാധാരണ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ താല്‍പ്പര്യത്തോടെ ഓര്‍ത്തുവെക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദശരഥം. ഈ ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കാന്‍ മികച്ച ഒരു തിരക്കഥ തനിക്ക് ലഭിച്ചുവെന്നും എന്നാല്‍ മോഹന്‍ലാലിന്‍റെ നിസഹകരണം മൂലം അത് നടക്കാതെ പോവുകയായിരുന്നു എന്നും സിബി മലയില്‍ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാർ എഴുതി പൂർത്തിയാക്കിയതാണ്. നിരവധി പേർ രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെയടുത്തു വന്നിരുന്നു. ഒന്നും ഇഷ്ടപ്പെട്ടില്ല. പലരും മോഹൻലാലിനേയും സമീപിച്ചിരുന്നു. ഞാൻ ആഗ്രഹിച്ച തുടർച്ചയായിരുന്നു ഹേമന്ത് കുമാർ എഴുതിയത്. എന്നാൽ മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു.

കഥയുടെ ചുരുക്കം ഞാൻ മോഹന്‍ലാലിനോട് പറഞ്ഞു. 2016 ൽ ഹൈദരാബാദിൽ പോയിട്ടാണ് പറയുന്നത്. എനിക്ക് റീച്ചബിൾ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താൻ ഒരുപാടു കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതിൽ എനിക്കു താൽപര്യമില്ല. ഹൈദരാബാദിൽ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോൾ കൃത്യമായൊരു മറുപടി പറഞ്ഞില്ല. കഥ പൂർത്തിയായിട്ട് ഇഷ്ടപ്പെട്ടാൽ ചെയ്താല്‍ മതിയെന്നു ഞാൻ പറഞ്ഞു. ആറു മാസം കൊണ്ട് കഥ പൂർത്തിയാക്കി. എന്നാൽ പിന്നീട് കഥ പറയാനൊരു അവസരം എനിക്കു കിട്ടിയില്ല. എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാൽ ലാൽ ഒഴിഞ്ഞു മാറി.

ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്‍റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല.’

മമ്മൂട്ടിക്കായി ഒരു ചിത്രം മനസിലുണ്ടെന്നും അത് നടക്കുമോയെന്നറിയില്ലെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

Latest Starbytes