ആരാധകര്‍ ചിലപ്പോഴൊക്കെ തങ്ങളുടെ താരത്തെ അടുത്തുകിട്ടുമ്പോള്‍ സ്‌നേഹ പ്രകടനം കൊണ്ട് പൊതിയാറുണ്ട്. തങ്ങളെ നിലനിര്‍ത്തുന്നത് ആരാധകര്‍ കൂടിയുള്‍പ്പെട്ട പ്രേക്ഷകരാണെന്ന ബോധ്യമുള്ള താരങ്ങള്‍ ഒരു പരിധിവരെ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. അപരിചിതരായ ആളുകളോട് അടുത്തു പെരുമാറുന്നതില്‍ ഒരല്‍പ്പം പിന്നോക്കം നില്‍ക്കുന്നുവെന്ന് പേരുള്ള മമ്മൂട്ടി ആരാധകര്‍ക്കൊപ്പം സാധാരണ ഘട്ടങ്ങളില്‍ ഫോട്ടൊയെടുക്കാനും സംസാരിക്കാനുമെല്ലാം യാതൊരു മടിയും കാണിക്കാത്തയാളാണ്. എന്നാല്‍ തിരക്കിലും അമിതമായ തോണ്ടലിലുമെല്ലാം അദ്ദേഹം ക്ഷുപിതനാകുന്ന വീഡിയോ നേരത്തേ വൈറലായിരുന്നു. ആരാധകരെ മമ്മൂട്ടി തള്ളിമാറ്റി എന്നുമെല്ലാം പറഞ്ഞ് ലാലേട്ടന്‍ ഫാന്‍സാണ് കൂടുതലായി അത് പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോഴിതാ മമ്മൂക്ക ഫാന്‍സിന് ഒരവസരം ലഭിച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍ ഉമ്മവെക്കാന്‍ ഒരുങ്ങിയ ആരാധകനെ തട്ടിമാറ്റുന്ന വീഡിയോ ആണ് പ്രചരിക്കപ്പെടുന്നത്. തന്നെ കാണാന്‍ എത്തിയ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടെ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഉമ്മവെക്കാന്‍ ആഞ്ഞപ്പോള്‍ തട്ടിമാറ്റി അതുവേണ്ടെന്ന് വിലക്കുന്ന ലാലേട്ടനാണ് വീഡിയോയില്‍ ഉള്ളത്. താരങ്ങളും സാധാരണ മനുഷ്യരാണെന്നും തങ്ങളുടെ ശരീരത്തില്‍ അമിതമായ സ്വാതന്ത്ര്യം അത്ര പരിചിതമല്ലാത്തവര്‍ എടുക്കുന്നത് അവര്‍ക്കും അലോസരം സൃഷ്ടിക്കുമെന്ന തിരിച്ചറിവ് ആരാധകര്‍ക്കുണ്ടാവുകയാണ് വേണ്ടത്.
Tags:mohanlal