മലയാളത്തിലെ തികച്ചും വ്യത്യസ്തമായ പുതിയ ഒടിടി പ്ലാറ്റ്‌ഫോം ആണ് മാറ്റിനി ലൈവ് (Matinee Live). പ്രശസ്ത നിർമാതാവും പ്രൊജക്റ്റ് ഡിസൈനർ കൂടിയായ ബാദുഷയും, നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും, പൃഥ്വിരാജുമാണ് നിർവഹിച്ചത്. കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്‌സ് ഹണ്ട് (Directors hunt) വളരെയേറെ ശ്രദ്ധനേടിയിരുന്നു. മൂന്നു ഘട്ടങ്ങളിലായി മുപ്പത് സംവിധായകരെ തിരഞ്ഞെടുക്കുകയും അതിൽ നിന്ന് മികച്ചൊരു സംവിധായകനെയും തിരഞ്ഞെടുക്കുന്നു.
മേല്പറഞ്ഞ 30 സംവിധായകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അസുലഭ അവസരമാണ്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് സംവിധായകരെ നടൻ കുഞ്ചാക്കോ ബോബൻ മുൻപ് പ്രഖ്യാപിച്ചിരുന്നു. ശേഷം രണ്ടാം ഘട്ടത്തിലെ പത്തു പേരെയും മുൻപ് തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതിപ്പോൾ മൂന്നാമത്തെ ഘട്ടത്തിലെ ആ പത്തു സംവിധായകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ ഡയറക്റ്റേഴ്സ് ഹണ്ട് താത്കാലികമായി അവസാനിക്കുന്നതായിരിക്കും.
തിരഞ്ഞെടുക്കുന്ന 30 വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നൽകുന്നത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസാണ്. കൂടാതെ പത്ത് സംവിധായകർക്ക് മാറ്റിനി തന്നെ നിർമ്മിക്കുന്ന വെബ്‌സീരിസുകൾ സംവിധാനം ചെയ്യാനുള്ള സുവർണ്ണ അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകൾക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും നൽകുന്നു. പത്ത് പേരടങ്ങുന്ന ജൂറിയാണ് ഈ വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. മാറ്റിനി ഡയറക്ടേഴ്‌സ് ഹണ്ടിന്റെ മൂന്നാം റൗണ്ടിലെ വിജയികളെ മലയാള സിനിമാ മേഖലയിലെ പ്രശസ്ഥ നടന്മാരും സംവിധായകരും നിർമ്മാതാക്കളുമായ സിജു വിൽസൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ജിബു ജേക്കബ്, സുഗീത്, ലിയോ തദ്ദേവൂസ്, നിഷാദ് കോയ, കണ്ണൻ താമരക്കുളം, ഷിനോയ് മാത്യു, എൻ എം ബാദുഷ, എന്നിവരാണ് പ്രഖ്യാപിച്ചത്. ഇവർ തിരഞ്ഞെടുത്ത സംവിധായകരും ഷോർട്ഫിലിമുകളും യഥാക്രമം: എബ്രഹാം സൈമൺ (ബ്രാൽ), സാം സിബിൻ (സക്കർ), ബേസിൽ ഗർഷോൺ (ചേട്ടൻ), ആകാശ് നാരായണൻ (ത്രിശംഖ്), നിധിൻ അനിരുദ്ധൻ (ഒരു വോട്ട്), ഹൃസൺ പി എസ് (ടൈം ലൂപ്പ്), വർഷ വാസുദേവ് (എന്റെ നാരായണിക്ക്), അജു അജീഷ് (കാക്ക), ജോഫിൻ വർഗീസ് (ബോംബ് കഥ), റാഷിദ് (ചൈന വൻമതിൽ). പി.ആർ.ഒ: പി.ശിവപ്രസാദ്