മലയാളത്തില്‍ ചുരുക്കം ചിത്രങ്ങള്‍ കൊണ്ടു തന്നെ തന്റെ കൈയൊപ്പ് പതിപ്പിക്കുകയും അകാലത്തില്‍ മരണമടയുകയും ചെയ്ത സംവിധായകനാണ് രാജേഷ് പിള്ള. മൂന്നു വര്‍ഷം മുമ്പ് ഒരു ഫെബ്രുവരി 27നാണ് രാജേഷ് മരണമടയുന്നത്. രാജേഷിന്റെ അസോസിയേറ്റായിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ ഉയരെ’ യുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തത് ഫെബ്രുവരി 27 ആണ്. പോസ്റ്റര്‍ അവതരിപ്പിച്ചുകൊണ്ട് മഞ്ജു പറഞ്ഞതിങ്ങനെ,
‘ കടന്നു വന്ന വഴികളില്‍ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓര്‍മിക്കുവാന്‍ കഴിയാറില്ല. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹാസംവിധായകന്‍ മനു അശോകന്‍ അദ്ദേഹത്തിന് സ്വന്തം സഹോദരന്‍ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകന്‍ ആയി മനു വളരുന്നത് കാണാന്‍ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.
‘ഉയരെ’ എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓര്‍മ ദിവസത്തില്‍ ഇങ്ങനെ ഒരു സ്മരണാഞ്ജലി നല്‍കുന്നത് അത് കൊണ്ട് തന്നെ വിലമതിക്കാന്‍ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യല്‍ പോസ്റ്റര്‍.
ഒരുപാട് നല്ല സിനിമകള്‍ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരന്‍ പി.വി.ഗാംഗധാരന്‍ സാറിന്റെ മൂന്നു പെണ്മക്കള്‍ സിനിമ നിര്‍മാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേര്‍ത്ത് നിര്‍ത്താം, നല്ല സിനിമകളിലൂടെ ഓര്‍മ്മിച്ചുകൊണ്ടേ ഇരിക്കാം!’