രണ്ടര പതിറ്റാണ്ടിനു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം യാത്രയ്ക്ക് യുഎസ് ബോക്‌സ് ഓഫിസില്‍ ലഭിച്ചത് വന്‍ വരവേല്‍പ്പ്. ചിത്രത്തിന്റെ ആദ്യ ദിലത്തില്‍ തന്നെ 55 ലക്ഷം രൂപയോളം ഇന്ത്യന്‍ രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. മമ്മൂട്ടിയുടെ യുഎസ് ബോക്‌സ് ഓഫിസിലെ ഏറ്റവും വലിയ വിജയമാകാന്‍ ആദ്യ ദിനത്തില്‍ തന്നെ ചിത്രത്തിനായി. രണ്ടാം ദിനത്തിലെ ആദ്യ ഷോകള്‍ കൊണ്ട് തന്നെ കളക്ഷന്‍ 1 ലക്ഷം ഡോളറിന് ( 71 ലക്ഷം രൂപയ്ക്കു മുകളില്‍) മുകളിലെത്തി.
മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തിന് തെലുങ്ക് സംസ്ഥാനങ്ങളിലും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. വൈഎസ് രാജശേഖര റെഡ്ഡി എന്ന കോണ്‍ഗ്രസ് നേതാവിന്റെ പദയാത്രയാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും രാഷ്ട്രീയ ഭേദമന്യേ പ്രേക്ഷകര്‍ ചിത്രത്തിന് ലഭിക്കുന്നു. തെലുങ്ക് നാടുകളിലെ ഏറ്റവും ജനപ്രിയ സിനിമാതാരവും രാഷ്ട്രീയക്കാരനുമായിരുന്ന എന്‍ ടി രാമറാവുവിന്റെ ജീവചരിത്ര സിനിമ ദുരന്തമായതിനു പിന്നാലെയാണ് യാത്ര തിയറ്ററുകളിലെത്തിയത്. എന്നാല്‍ സിനിമ എന്ന നിലയില്‍ പുലര്‍ത്തിയ മികവും മമ്മൂട്ടിയുടെ പ്രകടനവും യാത്രയ്ക്ക് തുണയാവുകയായിരുന്നു. മൂന്ന് ഭാഷകളിലെ റിലീസും യാത്രയുടെ യുഎസ് കളക്ഷനെ ഉയരങ്ങളിലെത്തിക്കുകയാണ്.