മമ്മൂട്ടി ചിത്രം റോഷാക്കിന്‍റെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. നിസ്സാം ബഷീർ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ ഇന്നുവരെ പരീക്ഷിക്കാത്ത അവതരണ ശൈലിയിലുള്ള ചിത്രമായിരുന്നെങ്കിലും ആഗോള ബോക്സ്ഓഫിസില്‍ 40 കോടി കളക്റ്റ് ചെയ്ത് മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ചിത്രത്തില്‍ മുഖംമൂടിയിട്ട് മുഖം പോലും കാണിക്കാതെ ഏതാനും രംഗങ്ങളില്‍ മാത്രമെത്തുന്ന ഒരു അതിഥി വേഷമാണ് ആസിഫലി ചെയ്തതെങ്കിലും ചിത്രത്തില്‍ ഉടനീളം പ്രതിപാദിക്കപ്പെടുന്ന വില്ലന്‍ വേഷമാണിത്. ഈ വേഷം ചെയ്തതിന് നന്ദി സൂചകമായി, സക്സസ് മീറ്റില്‍ ആസിഫിന് മമ്മൂട്ടി റോളക്സ് വാച്ച് സമ്മാനിച്ചതിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. 15 ലക്ഷം വില വരുന്ന മോഡലാണ് മമ്മൂട്ടി സമ്മാനമായി നല്‍കിയത്. റോളക്സാണ് തന്‍റെ സമ്മാനമെന്ന് മമ്മൂട്ടി പ്രഖ്യാപിക്കുമ്പോഴുള്ള ആസിഫിന്‍റെ സന്തോഷവും വിഡിയോയില്‍ വ്യക്തം.
Mammukka gifted ROLEX watch for Asif Ali during #Rorschach success celebration 🤩👏@mammukka #AsifAli @dulQuer pic.twitter.com/1wYI183DGZ
— Kerala Trends (@KeralaTrends2) December 7, 2022
മൊത്തം 70 കോടിയുടെ ബിസിനസ് ചിത്രം സൃഷ്ടിച്ചുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ 6 കോടിക്കടുത്ത് ചെലവിട്ട് നിര്‍മിച്ച ചിത്രം ബിസിനസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ലാഭം നല്‍കുന്ന തരത്തിലേക്ക് എത്തി. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ദുല്‍ഖറിന്‍റെ വേഫാര്‍ ഫിലിംസാണ് ചിത്രം വിതരണം നടത്തിയത്. ദുല്‍ഖറും സക്സസ് മീറ്റിനെത്തിയിരുന്നു.
അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.പ്രോജെക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ പ്രവർത്തകർ.