മാധ്യമ പ്രവർത്തകൻ ഇ എം അഷ്‌റഫ് (EM Ashraf) രചനയും സംവിധാനവും നിർവ്വഹിച്ച ഉരു (Uru) സിനിമയുടെ പ്രിവ്യൂ തലശ്ശേരി ലിബർട്ടി ലിറ്റിൽ പാരഡൈസ് തീയേറ്ററിൽ നടന്നു . മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കുടുംബവും , എം മുകുന്ദനും കുടുംബവും ഉൾപ്പടെ രാഷ്ട്രീയ -സാമൂഹ്യ—സാംസ്കാരിക മേഖലകളിലെ നിരവധി പേർ സിനിമ കാണാനെത്തിയിരുന്നു. ബേപ്പൂരിലെ ഉരു നിർമ്മാണ കേന്ദ്രത്തിൽ ചിത്രീകരിച്ച സിനിമ നിർമ്മിച്ചിരിക്കുന്നത് മൻസൂർ പള്ളൂരാണ് (Mansoor Palloor) , പ്രവാസി കുടുംബത്തിന്റെയും ഉരു നിർമ്മാണ തെഴിലാളികളുടെയും കഥ പറയുന്ന ഉരു ഉള്ളിൽ തട്ടുന്ന സിനിമയാണെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ അഭിപ്രായപ്പെട്ടു. ഉരു സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടത് പോലെ അനുഭവപ്പെട്ടെന്നും എം മുകുന്ദൻ പറഞ്ഞു .
സമീപ കാലത്ത് ഞാൻ കണ്ട ഏറ്റവും നല്ല സിനിമയാണ് ഉരു എന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു . ജീവിതത്തിന്റെ വഴിത്തിരിവുകളിൽ പകച്ചു പോകുന്ന മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന സംഭവങ്ങളെ ദൃശ്യവത്കരിച്ച് മനസുകളിൽ ആർദ്രമായ സ്നേഹം വരച്ചു കാണിക്കുന്നതാണ് ഉരു സിനിമയെന്നും അദ്ദേഹം പറഞ്ഞു . ഉരുവിലെ അഭിനേതാക്കൾ ആ സിനിമയിൽ ജീവിക്കുകയായിരുന്നുവെന്ന് ഫിലിം എക്സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡണ്ട് ലിബർട്ടി ബഷീർ അഭിപ്രായപ്പെട്ടു . ചിത്രത്തിൽ മാമുക്കോയ , കെ . യു മനോജ് , മഞ്ജു പത്രോസ് , രാജേന്ദ്രൻ തായാട്ട് , അനിൽ അനിൽ ബേബി , അജയ് കല്ലായി, അർജുൻ, ഗീതിക ഗിരീഷ്, ശിവാനി സന്തോഷ്, ബൈജു ഭാസ്കർ, പി കെ സാഹിർ , മൻസൂർ പള്ളൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .
പ്രഭാവർമ്മ ഗാനരചനയും കമൽ പ്രശാന്ത് സംഗീത സംവിധാനവും നിർവഹിച്ചു. ശ്രീകുമാർ പെരുമ്പടവമാണ് ഛായാഗ്രഹണം. എഡിറ്റർ ഹരിനായർ. ദീപാങ്കുരൻ കണ്ണാടിമനയാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്