പ്രശസ്ത സംവിധായകനും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെയാണ് ജീവന്‍ വെടിഞ്ഞത്.
1981ല്‍ പുറത്തിറങ്ങിയ വേനലാണ് ആദ്യ ചിത്രം. 1992 ല്‍ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലൂടെയും 2006 ല്‍ രാത്രി മഴയിലൂടെയും മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയുട്ടുണ്ട്. 96 ല്‍ പുറത്തിറങ്ങിയ കുലം എന്ന ചിത്രം മികച്ച ജനപ്രീയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 2010ല്‍ പുറത്തിറങ്ങിയ മകരമഞ്ഞാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്തില്‍ ജനിച്ച ലെനിന്‍ രാജേന്ദ്രന്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ പഠനകാലത്ത് എസ്.എഫ്.ഐയില്‍ സജീവമായി പ്രവര്‍ത്തിച്ചു. 1985 ല്‍ ഇറങ്ങിയ ‘മീനമാസത്തിലെ സൂര്യന്‍’ എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധ കമ്മ്യൂണിസ്റ്റ് പോരാട്ടത്തെ പ്രമേയമാക്കിയുള്ളതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ ‘സ്വാതിതിരുന്നാള്‍’ ആദ്യകാല ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് . 1992 ല്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികള്‍’ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുറയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ ‘മഴ’ എന്ന ചിത്രം. 2003 ലെ ‘അന്യര്‍’ ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീതികരമായ വര്‍ഗീയ ചേരിതിരിവിനെ കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു.
ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്, അന്യര്‍, മഴ എന്നീ കൃതികള്‍ രചിച്ചിട്ടുള്ള അദ്ദേഹം ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുമുണ്ട്.
Tags:lenin rajendran