ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സൂര്യ എത്തില്ല. മമ്മൂട്ടി വൈഎസ്ആറായി എത്തുന്ന ചിത്രത്തില്‍ സൂര്യ വൈഎസ് ജഗന്‍ ആയി എത്തുമെന്നാണ് നേരത്തേ സൂചനകള്‍ വന്നിരുന്നത്. ഇതിനായുള്ള സാധ്യതകള്‍ സൂര്യ തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ താന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ സൂര്യക്ക് യാത്രയില്‍ ജോയിന്‍ ചെയ്യാനാകില്ല.
ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം സൂര്യയുടെ അനിയന്‍ കാര്‍ത്തിയെ മമ്മൂട്ടിയുടെ മകന്‍ വേഷം കൈകാര്യം ചെയ്യുന്നതിന് അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ട്. കാര്‍ത്തി അന്തിമമായി സമ്മതം മൂളിയിട്ടില്ലെങ്കിലും ജഗന്റെ വേഷത്തിന് കാര്‍ത്തിയെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരെന്ന് ടോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു.
ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന യാത്രയുടെ ടീസര്‍ വൈഎസ്ആറിന്റെ ജന്‍മദിനത്തില്‍ പുറത്തുവന്നിരുന്നു. വന്‍ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. കാര്‍ത്തിയുടെ പുതിയ റിലീസായ കടൈക്കുട്ടി സിങ്കമുള്‍പ്പടെയുള്ള ചിത്രങ്ങള്‍ മൊഴിമാറ്റി തെലുങ്കില്‍ എത്തിയിട്ടുണ്ട്.