മുലയൂട്ടല്‍ ചിത്രവുമായെത്തി വിവാദത്തിലായ ഗൃഹലക്ഷ്മി കവര്‍ അനുചിതമാണെന്ന് അഭിപ്രായപ്പെട്ട് നടി കനിഹ. പലരും ഇതു സംബന്ധിച്ച് തന്നോട് അഭിപ്രായം ചോദിച്ചെന്നും എന്നാല്‍ ഏതു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് സംശയമുള്ളതിനാല്‍ പ്രതികരണം എഫ്ബിയിലൂടെ ആക്കുകയാണെന്നും പറഞ്ഞാണ് താരം തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത്.
മുലയൂട്ടല്‍ ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്. കുട്ടിക്കും അമ്മയ്ക്കും ശ്വാസമെടുക്കുന്നതു പോലെയൊന്ന്. കുട്ടിക്ക് വിശന്നാല്‍ എവിടെയായാലും പാല്‍ കൊടുക്കേണ്ടതാണ് അത് ജൈവികമാണ്. എന്നാല്‍ മറ്റു ജീവികളെ പോലെ പരസ്യമായി മനുഷ്യര്‍ നഗ്നരായി നടക്കാറില്ലല്ലോ? പൊതുവിടങ്ങളില്‍ മുലയൂട്ടുന്നതിന് സൗകര്യമൊരുക്കുന്ന നിരവധി സംവിധാനങ്ങള്‍ നാം വികസിപ്പിക്കുകയാണ്. സാരിയോ ദുപ്പട്ടയോ ബ്രസ്റ്റ് ഫീഡിംഗ് കവറുകളോ ഉപയോഗിച്ച് മറയ്‌ക്കേണ്ടത് മറച്ചാണ് സ്ത്രീകള്‍ മുല കൊടുക്കുന്നത്. മുല പൂര്‍ണമായും പുറത്തിട്ട് അത് തന്റെ മുലയൂട്ടല്‍ അവകാശമാണ് ആരും നോക്കരുതെന്ന് പറയാന്‍ ഏതെങ്കിലും സ്ത്രീ ആഗ്രഹിക്കുന്നുണ്ടോ? ഫെമിനിസത്തെ മാതൃത്വവുമായി കൂട്ടിക്കുഴക്കരുതെന്നും കനിഹ പറയുന്നു.
Tags:Kaniha