ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2ന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുകയാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു നായികയായി കാജള്‍ അഗര്‍വാളിനെ നിശ്ചയിച്ചിട്ടുണ്ട്. നേരത്തേ മേക്കപ്പ് ടെസ്റ്റിനായി കാജല്‍ വിദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും താരം ചിത്രത്തിലെത്തുക. ഇന്ത്യനിലെ ഇന്ത്യന്‍ താത്തയുടെ ഗെറ്റപ്പില്‍ തന്നെയാണ് കമലഹാസന്‍ എത്തുക. കാജല്‍ അഗര്‍വാള്‍ ചിത്രത്തിനായി കളരിപ്പയറ്റ് അഭ്യസിക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഒരു പ്രധാന വേഷത്തിനായി ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചുവെന്ന് സൂചനയുണ്ട്. കമലഹാസന്‍ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ കൊച്ചുമകനായാണ് ദുല്‍ഖര്‍ വേഷമിടുകയെന്നാണ് സൂചന. കമലഹാസന്റെ അഭിനയജീവിതത്തിലെ ഏറെ ശ്രദ്ധേയമായ വിജയമായ ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ നെടുമുടി വേണുവും ശ്രദ്ധേയമായ വേഷത്തിലുണ്ട്. 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കും ഇന്ത്യന്‍ 2ല്‍ നെടുമുടി ചെയ്യുക. അടുത്ത വര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ അജയ് ദേവ്ഗണ്‍ എത്തും.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധിന്റേതാണ് സംഗീതം. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ കമല്‍ പ്രധാന വേഷത്തിലെത്തുന്ന അവസാന ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭിനയം മാറ്റിവെച്ച് രാഷ്ട്രീയത്തില്‍ ശ്രദ്ധ വെക്കാനാണ് കമല്‍ ഒരുങ്ങുന്നത്.
Tags:Indian 2Kajal Aggarwalkamal Haasanshankar